tiger

സുൽത്താൻ ബത്തേരി: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ബൈക്കിന് പിന്നാലെ ഓടുന്ന കടുവ വയനാട്ടിലേതു തന്നെയെന്ന സാക്ഷ്യപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ബത്തേരി- പുൽപള്ളി റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന തങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് നൽകി പാമ്പ്രയിൽ തടഞ്ഞുവെന്ന് ബൈക്ക് യാത്രികരായ കൊല്ലം സ്വദേശി കാർത്തിക് കൃഷ്ണൻ, തൃശൂർ സ്വദേശി സഞ്ജയ് കുമാർ എന്നിവർ പറയുന്നു.

ഇതുസംബന്ധിച്ച് പാമ്പ്രയ്ക്കു സമീപം കടുവ ഇറങ്ങിയിട്ടുണ്ടെന്നും ബൈക്കിൽ പോകുന്നത് അപകടമാണെന്നുമായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മുൻപേ പോയ മറ്റു വാഹനങ്ങളെയും അവർ തടഞ്ഞുവെന്നു കാർത്തികും സഞ്ജയും പറയുന്നു. മണ്ണുത്തി കാർഷിക സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഇരുവരും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനു ചെതലയം റെയ്ഞ്ച് ഓഫിസിലേക്കു പോവുകയായിരുന്നു.


"ബത്തേരിയിൽ നിന്നു ചെതലയത്തേക്കു പോകവേ പാമ്പ്രയ്ക്കു സമീപത്തുവച്ചാണ് റോഡിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടത്. അവർ ആകെ ടെൻഷനിലായിരുന്നു. ഇപ്പോൾ യാത്ര തുടരാനാവില്ലെന്നും പാമ്പ്രയിൽ കടുവയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ഇവർ വെളിപ്പെടുത്തി.

വലിയ വാഹനങ്ങളെ മാത്രമേ ഉദ്യോഗസ്ഥർ കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. ബൈക്കുകളിലെത്തിയവരെയെല്ലാം തടഞ്ഞു. വളരെ അത്യാവശ്യമായുള്ള യാത്രയാണെന്നും പ്രോജക്ടിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനിറങ്ങിയ വിദ്യാർത്ഥികളാണെന്നും പറഞ്ഞപ്പോൾ മാത്രം അതുവഴി വന്ന ബസിനൊപ്പം ഉദ്യോഗസ്ഥർ ഞങ്ങളെ കടത്തിവിട്ടു. വൈറലായ വീഡിയോയിൽ കാണുന്ന അതേ സ്ഥലത്തുകൂടിയാണു" തങ്ങൾ പോയതെന്നും ഇവർ പറയുന്നു.

വീഡിയോ സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അനന്തന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെതലയം റേഞ്ചിലെ കേളു എന്ന വാച്ചർ മൊബൈലിൽ പകർത്തിയതാണ് ദൃശ്യമെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ കേളുവിന് അങ്ങനെയൊരു ദൃശ്യം കിട്ടിയിട്ടില്ലന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതിന് ശേഷം കടുവയുടെ ലൊക്കോഷൻ കണ്ടെത്താൻ വനം വകുപ്പ് നിയോഗിച്ച സംഘത്തോടൊപ്പം കേളുവും ഉണ്ടായിരുന്നതായി ചെതലയം റേഞ്ച് ഓഫീസർ പറഞ്ഞു.

ഇതിനിടെ ബന്ദിപ്പൂരിൽ നിന്നാണ് ദൃശ്യമെന്ന് കന്നട ചാനലും റിപ്പോർട്ട് ചെയ്തു. വയനാട്ടിൽ കടുവ ശല്യം രൂക്ഷമായതും വന്യ മൃഗങ്ങളുടെ ജീവന്റെ സുരക്ഷയെ കരുതി രാത്രി കാല ഗതാഗത നിരോധനം നിലനിൽക്കുന്നതുമാണ് വീഡിയോയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. പാമ്പ്ര എസ്റ്റേറ്റിന് സമീപത്ത് കൂടി കടന്നു പോകുന്ന സംസ്ഥാനപാതയിലൂടെ യാത്ര ചെയ്ത ബൈക്ക് യാത്രികർക്ക് നേരെയാണ് കടുവ പാഞ്ഞടുത്തതെന്നാണ് പറയപ്പെടുന്നത്. ദൃശ്യം വയനാട്ടിൽ നിന്നുള്ളതല്ലന്നും പ്രചാരണമുണ്ട്.