സ്വർഗത്തിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട ഗുണമാണ് സ്നേഹമെന്നാണ് ആളുകളുടെ അനുമാനം. ആളുകൾ ദൈവത്തെ സ്നേഹിക്കുന്നെന്ന് അവകാശപ്പെടുന്നു. അല്ലെങ്കിൽ ദൈവം തങ്ങളെ സ്നേഹിക്കുന്നെന്ന് വിശ്വസിക്കുന്നു. 'നിങ്ങൾ സൃഷ്ടിക്കപ്പെട്ട രീതിയിൽ, ദൈവത്തിന് മാത്രമേ നിങ്ങളെ സ്നേഹിക്കാനാവൂ. "ഓരോ മനുഷ്യനും സ്നേഹിക്കാൻ പ്രാപ്തിയുള്ളവനാണ്, പക്ഷേ എല്ലാത്തരം മണ്ടൻ വിശ്വാസ സമ്പ്രദായങ്ങളും അഭിപ്രായങ്ങളും തത്ത്വചിന്തകളും പ്രത്യയശാസ്ത്രങ്ങളും കൊണ്ട് ജീവിതമൊഴികെ എല്ലാം കൊണ്ടും, അവൻ സ്വയം അശക്തനായിരിക്കുന്നു. നിങ്ങൾ ജീവിതമാണെങ്കിൽ, സ്നേഹിക്കുന്നത് വളരെ സ്വാഭാവികമാണ്. ഒരു ശിക്ഷണവും വേദഗ്രന്ഥവും ആവശ്യമില്ല. നിങ്ങളിലേക്ക് നോക്കിയിരിക്കുന്ന ഒരു ദൈവവും ആവശ്യമില്ല. നിങ്ങളെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ കണ്ടെത്തുന്നില്ലെങ്കിൽ, ഞാൻ ഒരു നായയെ ശുപാർശ ചെയ്യുന്നു. മനുഷ്യർ ചിലപ്പോൾ ചഞ്ചലമാകാം, പക്ഷേ ഒരു നായ 12 വർഷത്തെ ഉറപ്പുള്ള സ്നേഹമാണ് !
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, 'നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക"എന്ന് യേശു പറഞ്ഞപ്പോൾ, ഈ നിമിഷത്തിൽ നിങ്ങളുടെ അരികിലുള്ളവരെ സ്വീകരിക്കുക, അവരെ പൂർണമായി അംഗീകരിക്കുക എന്നാണദ്ദേഹം അർത്ഥമാക്കിയത്. എല്ലാവർക്കും ദൈവത്തെ സ്നേഹിക്കാൻ കഴിയും, കാരണം അവൻ നമുക്കരികിലില്ല! ദൈവം സ്നേഹത്തിന്റെ രൂപമാണെങ്കിൽ, നിങ്ങളുടെ സ്നേഹം അവന് എന്തിനാണ് ? ദൈവത്തെ ഉപേക്ഷിക്കുക. അവൻ അവന്റെ വേല ചെയ്യട്ടെ; നിങ്ങൾ നിങ്ങളുടേതും. പക്ഷേ, ആളുകൾ അയൽവാസികളുമായി സംസാരിക്കാതെ തന്നെ കൃഷ്ണൻ, രാമൻ, യേശു എന്നിവരുമായി ആശയവിനിമയം നടത്തുന്നു!
പരസ്പരം നേട്ടമുണ്ടാകുന്ന ഒരു പദ്ധതിയെയാണ് മിക്കയാളുകളും സ്നേഹമെന്ന് വിളിക്കുന്നത്. ആവശ്യങ്ങൾ നിറവേറ്റേണ്ടതിന് നിങ്ങൾ ആരോടെങ്കിലുമൊത്ത് ഒരു അറേഞ്ച്മെന്റ് നടത്തുന്നു: 'നീ എനിക്ക് ഇത് തരൂ, ഞാൻ നിനക്ക് അത് തരാം" ഒരാൾ ഇടപാടിൽ നിന്നും പിന്മാറിയാൽ മറ്റേയാളും പിന്മാറും. അതാണ് ബന്ധങ്ങൾ എല്ലായ്പ്പോഴും വക്കത്ത് തുടരുന്നത്. ഇരുവരും മറ്റെയാളിൽ നിന്നും സന്തോഷം നേടാൻ ശ്രമിക്കുന്നതിനാലാണിത്. എല്ലാ ബന്ധങ്ങളും ആവശ്യങ്ങളിൽ നിന്നുടലെടുത്തതാണ്. അതിൽ ശരിയോ തെറ്റോ ഇല്ല. എന്നാൽ നിങ്ങളുടെ ധാർമ്മികതകൾ പ്രയോഗിച്ച് അവരെ വിശുദ്ധീകരിക്കുകയോ വൃത്തികെട്ടതാക്കുകയോ ചെയ്യരുത്. നമ്മുടെ പരിമിതികളെ സ്വർണം പൂശാതിരിക്കാം, നമ്മുടെ ചങ്ങലകളെ ആഭരണങ്ങളാക്കി മാറ്റാം. അറേഞ്ച്മെന്റുകൾ നടത്തുന്നതിൽ കുഴപ്പമൊന്നുമില്ല, എന്നാലത് സ്നേഹമാണെന്ന് വിശ്വസിച്ച് സ്വയം വഞ്ചിക്കരുത്.
യോഗ എന്നാൽ 'ഒന്നാകുക"എന്നാണ്. അതിനാൽ, ഒരു ചെറിയ രീതിയിൽ, നിങ്ങൾ സ്നേഹം തേടുമ്പോൾ, വികാരത്തിന്റെ പാത ഉപയോഗിച്ച് നിങ്ങൾ യോഗ ചെയ്യുകയാണ്. നിങ്ങൾ സ്നേഹമെന്ന് വിളിക്കുന്നത് ആന്തരിക സുഖത്തിന്റെ ഒരു പ്രത്യേക നിമിഷത്തെയാണ്. നിങ്ങളുടെ ഉള്ളിലെ സന്തുഷ്ടിക്ക് കാരണം ആരോ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ആരെങ്കിലും ഒരു പ്രേരകശക്തിയോ ഉത്തേജനമോ പ്രചോദനമോ ആയിരിക്കാം, പക്ഷേ അവയ്ക്ക് നിങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ല. കാരണം സ്നേഹം അനന്തമായ അഭിവാഞ്ഛയാണ്. അത് നിങ്ങൾ തേടുന്ന ഒന്നാകലിലേക്ക് നിങ്ങളെ ഒരിക്കലും കൊണ്ടുപോകില്ല. പ്രിയപ്പെട്ടവരോടൊപ്പമാണ് നിങ്ങളെന്ന് നിങ്ങൾ വിശ്വസിച്ചേക്കാം. പക്ഷേ അങ്ങനെയല്ല.
നിങ്ങളുടെയുള്ളിൽ ആവശ്യങ്ങളില്ലാതിരിക്കുമ്പോൾ മാത്രമേ സ്നേഹം സാദ്ധ്യമാകൂ. സ്നേഹം സത്യമാണെങ്കിൽ, അത് ഒരു വസ്തുവില്ലാതെ തന്നെ സംഭവിക്കും. നിങ്ങൾ കാണുന്ന എന്തിനോടും, നിങ്ങൾക്ക് ഒരു പ്രത്യേക സന്തുഷ്ടി തോന്നുന്നു. അതാണ് സ്നേഹം. ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉള്ളിലുള്ള സന്തുഷ്ടി മനസിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് എല്ലാത്തിനോടും പ്രണയത്തിലാകാനാകും.
സ്നേഹം അവനവനെ ഉന്മൂലനം ചെയ്യലാണ്. പൂർണമായി അല്ലെങ്കിൽക്കൂടി, നിങ്ങളുടെ ഒരു ഭാഗമെങ്കിലും തകർന്നു വീഴണം, മരിക്കണം. ഇത് സംഭവിച്ചില്ലെങ്കിൽ, പ്രണയമില്ല, പ്രണയമില്ലാത്തപ്പോൾ ആളുകൾ കർക്കശക്കാരാണ്. പ്രണയത്തിലാകുമ്പോൾ അവർ ഏതു ഭാഗത്തേക്കും വളയാനും വളഞ്ഞൊടിയാനും കഴിയും വിധമാകുന്നു; ഇതൊരു അതിശയകരമായ ആത്മീയ പ്രക്രിയയാകാം, കാരണം നിങ്ങൾ വഴക്കമുള്ളവരാകുന്നു. ശിവൻ അന്തകനാണെന്ന് പറയുമ്പോൾ, അദ്ദേഹം നിർബന്ധിത കാമുകനാണെന്നാണ് നമ്മൾ പറയുന്നത്. ഏതൊരു യഥാർത്ഥ പ്രണയവും നിങ്ങളെ നശിപ്പിക്കണം; അല്ലെങ്കിൽ അത് ഒരു പ്രണയബന്ധമല്ല.'നശിപ്പിക്കുക"എന്ന് ഞാൻ പറയുമ്പോൾ, അവൻ നിങ്ങളുടെ വീടോ ബിസിനസോ നശിപ്പിക്കുന്നു എന്നല്ല. 'ഞാൻ" എന്ന് നിങ്ങൾ വിളിക്കുന്നതിനെ നിങ്ങളുടെ കർക്കശമായ വ്യക്തിത്വത്തെ പ്രണയമെന്ന പ്രക്രിയ നശിപ്പിക്കുന്നു. അതാണ് അവനവനെ തന്നെ ഉന്മൂലനം ചെയ്യൽ.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജീവിത പ്രക്രിയയെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാകുകയാണെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണമായും അനായാസമാകും. ഈ ശരീരത്തിലെ ഓരോ കോശവും നിലവിലുള്ള എല്ലാ വസ്തുക്കളുമായി നിരന്തരം ആശയവിനിമയം നടത്തും. ഈ ആശയവിനിമയം ഇല്ലാത്ത ഒരൊറ്റ കോശം പോലും ഒരു നിമിഷം പോലും നിലനിൽക്കില്ല. ഈ അവബോധം നിങ്ങളുടെ ജീവിത യാഥാർത്ഥ്യമായി മാറുകയാണെങ്കിൽ, നിങ്ങളെ സ്നേഹമോ അനുകമ്പയോ പഠിപ്പിക്കേണ്ടതില്ല. പരിപൂർണ അനായാസതയുടെ അവസ്ഥയിലെത്തിച്ചേരാൻ ഒരു വ്യക്തിയുമായി ബന്ധം സ്ഥാപിക്കേണ്ടതില്ല. നിങ്ങൾ അത് ജീവിതം കൊണ്ട് തന്നെ ചെയ്യുന്നു.