innova

വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ തലശേരി എം.എൽ.എ എ.എൻ ഷംസീറിനെ ചോദ്യംചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഷംസീറിന് നോട്ടീസ് അയക്കും. തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് എ.എൻ ഷംസീറാണെന്ന് അക്രമത്തിന് ഇരയായ സി.ഒ.ടി നസീർ രണ്ടു തവണ മൊഴി നൽകിയിരുന്നു.

സി.പി.എം മുൻ തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എ.എൻ ഷംസീർ എം.എൽ.എയുടെ ഡ്രൈവറുമായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്‌പ്പോഴാണ് പൊലീസിന് ഷംസീറിനെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന ആവശ്യമുയർന്നത്. എം.എൽ.എയുടെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുമെന്നും അറിയുന്നു. ഈ കാറിൽ വച്ചാണ് നസീറിനെ അക്രമിക്കാൻ ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. ഇന്നോവ കാർ ഉപയോഗിക്കുന്നത് ഷംസീർ ആണെങ്കിലും ബന്ധുവിന്റെ പേരിലുള്ള വാഹനമാണത്.

കതിരൂർ പുല്യോട് സോഡ മുക്കിലെ ആലുള്ളതിൽ വീട്ടിൽ എൻ.കെ നിവാസിൽ രാഘവന്റെ മകൻ എൻ.കെ രാഗേഷിനെ (39)അറസ്റ്റ് ചെയ്‌തോടെ നസീറിന്റെ മൊഴിയിലെ സംശയത്തിന് ബലമേറിയെന്നാണ് പറയുന്നത്. തലശ്ശേരി സി.ഐ വി.കെ വിശ്വംഭരനും എസ്.ഐ ഹരീഷുമാണ് നസീർ വധശ്രമ കേസ് അന്വേഷണം നടത്തുന്നത്. ഒരു സി.പി.എം നേതാവിന്റെ കാറിൽ വെച്ചും ഗൂഢാലോചന നടത്തിയെന്ന് രാഗേഷിനെയും കേസിലെ മുഖ്യപ്രതി പൊട്ടി സന്തോഷിനെയും ചോദ്യം ചെയ്‌പ്പോൾ അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ സാധിച്ചിരുന്നു. ഇക്കാര്യങ്ങളിലാകും ഷംസീറിൽ നിന്ന് അന്വേഷണസംഘം മറുപടി തേടുക.

മേയ് 18ന് രാത്രി ഏഴേ മുക്കാലോടെയാണ് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും, മുൻ നഗരസഭാംഗവും കൂടിയായ നസീറിന് നേരെ അക്രമം നടന്നത്. തലശ്ശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധധപ്പെട്ട് നസീർ ഉയർത്തിക്കൊണ്ടു വന്ന അഴിമതിയും, സ്‌പോർട്സ് കൗൺസിലിന്റെ മറവിൽ നടന്ന തട്ടിപ്പുമെല്ലാമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നസീർ പറയുന്നത്.