suresh-gopi-kaloor-denni

നിർമ്മാതാവിനൊപ്പം നിൽക്കുന്ന തിരക്കഥാകൃത്ത് എന്നാണ് കലൂർ ഡെന്നിസ് അറിയപ്പെടുന്നത്. ഈ ഒരു പേരുള്ളതുകൊണ്ടു തന്നെ സൂപ്പർതാരങ്ങളോടു പോലും പലപ്പോഴും പിണങ്ങേണ്ടി വന്നിട്ടുണ്ട് ഡെന്നിസിന്. തന്റെ 24 സിനിമകളിൽ നായകനായ മമ്മൂട്ടിയോട് 12 വർഷത്തിലധികമാണ് കലൂർ ഡെന്നിസ് പിണങ്ങിയത്. അതുപോലെ തന്നെയായിരുന്നു സുരേഷ് ഗോപിയുമായുണ്ടായ അഭിപ്രായ ഭിന്നത. മാക്‌ട എന്ന സംഘടനയുടെ ആരംഭം പോലും സുരേഷ് ഗോപിയുമായുണ്ടായ എതിർപ്പിൽ നിന്നാണെന്ന് കലൂർ ഡെന്നിസ് പറയുന്നു. കേരളകൗമുദി ഫ്ളാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

കലൂർ ഡെന്നിസിന്റെ വാക്കുകൾ-

'അന്നും ഇന്നും നിർമ്മാതാക്കളെ ബഹുമാനിക്കണം, സ്‌നേഹിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. എന്നാൽ താരങ്ങളുടെ ഇടപെടൽ അംഗീകരിക്കാൻ കഴിയില്ല. ഞാൻ തിരക്കഥ എഴുതിയ സിറ്റി പൊലീസ് സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സുരേഷ്‌ ഗോപിയായിരുന്നു നായകൻ. എന്നാൽ ആ സിനിമയുടെ ചിത്രീകരണം കുഴപ്പമില്ലാതെ പോയി. എന്റെ അടുത്ത സിനിമ കർപ്പൂരദീപത്തിലും സുരേഷ്‌ ഗോപിയായിരുന്നു നായകൻ. അവിടെയും സുരേഷ് ഗോപിയും ഞാനും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായി. ഷൂട്ടിംഗ് മുടങ്ങി. നിർമ്മാതാവ് പ്രതിസന്ധിയിലായി. ഇത് ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന് എനിക്ക് താന്നി. അപ്പോൾ തന്നെ ജോഷിയെ വിളിച്ചു. തിരക്കകഥാകൃത്തുകളുടെ സംഘടന തുടങ്ങുന്നത് സംബന്ധിച്ച് ജോഷിയുമായി ആലോചിച്ചു. സംവിധായകരെ കൂടി ഉൾപ്പെടുത്തണമെന്ന് ജോഷി നിർദ്ദേശിച്ചു. തുടർന്ന് ഡെന്നിസ് ജോസഫിനെ ഞാൻ വിളിച്ചു. ഭാരത് ടൂറിസ്റ്റ് ഹോമിലാണ് മാക്ടയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. മാക്‌ട വലിയ സാംസ്‌കാരിക സംഘടനയായി വളർന്നു. എന്നാൽ മാക്ടയുടെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യത്തിൽ എത്താൻ ഇതുവരെ കഴിത്തില്ല. അതിൽ ദുഖമുണ്ട്.

സുരേഷ് ഗോപിക്ക് എതിരായാണ് മാക്‌ട രുപീകരിച്ചത്. എന്നാൽ അന്ന് മുതൽ എല്ലാ മാസവും സുരഷ് ഗോപി മാക്‌ടയ്‌ക്ക് ഡൊണേഷൻ നൽകി. ഞങ്ങളുടെ പിണക്കം ആറുമാസമേ നീണ്ടു നിന്നുള്ളൂ. കൊല്ലത്ത് ജോഷിയുടെ ഭൂപതിയുടെ ലൊക്കേഷനിൽ ഞാനും ജോൺപോളും ഒരുദിവസം പോയി. സുരേഷ് ഗോപിയാണ് നായകൻ. മാക്‌ടയുടെ കമ്മിറ്റി ചേരുന്ന കാര്യം ജോഷിയോട് സംസാരിക്കുന്നത് സുരേഷ് ഗോപി കേട്ടു. സുരേഷിന്റെ നിർബന്ധത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ മാക്‌ടയുടെ കമ്മിറ്റി ചേർന്നു. വിഭവ സമൃദ്ധമായ സദ്യ സുരേഷ് ഗോപി തന്നെ വിളമ്പി തന്നു. അതിനു ശേഷം മാർക്ക് ആന്റണി,​ പറഞ്ഞു തീരാത്ത വിശേഷങ്ങൾ തുടങ്ങി എന്റെ നാലഞ്ചു സിനിമകളിൽ സുരേഷ് ഗോപി അഭിനയിച്ചു'.

അഭിമുഖത്തിന്റെ പൂർണരൂപം ജൂലായ് ലക്കം ഫ്ളാഷ് മൂവീസിൽ