travel

900 കണ്ടി.. പ്രകൃതിയിലേക്കൊരു തിരിച്ചു നടത്തം. വയനാട്ടിലെ മേപ്പടിയിൽ നിന്നും സൂചിപ്പാറ റോട്ടിൽ കള്ളാടി മഖാം കഴിഞ്ഞുള്ള ജംക്ഷനിൽ നിന്നും മുകളിലേക്കുള്ള ചെറിയ റോടാണ് 900 കണ്ടിയിലേക്കു പോകുന്നത്. കാട്ടിനുള്ളിലെ ഒരു എസ്റ്റേറ്റിന്റെ പേരാണ് ഇപ്പോൾ ഈ സ്ഥലത്തിന് പൊതുവെ ലഭിച്ചിരിക്കുന്ന പേര്. ഗവൺമെന്റിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിൽ ഉള്ള ഭൂവിടങ്ങൾ ചേർന്നതാണ് 900 കണ്ടി. മേപ്പടിയിൽ നിന്നും ഏകദേശം 14 കിലോമീറ്റർ കാണും ഇങ്ങോട്ട്. ഇനിയുള്ള യാത്രയിൽ ഒരു മനുഷ്യൻ കൂടെ ഉണ്ട്. 900 കണ്ടി യിലേക്കുള്ള പ്ലാനിങ് സമയത്ത് അതേക്കുറിച്ചു അന്വേഷിച്ചവർക്കിടയിൽ നിന്ന് കിട്ടിയ പേര്. "ഷൈൻ ചേട്ടൻ".

'നിങ്ങൾ വാടാ മക്കളെ .. നിങ്ങൾക്ക് വേണ്ടത് ചെയ്ത തരാമെന്ന് ' ഫോൺ ചെയ്തപ്പോൾ പുള്ളി പറഞ്ഞപ്പോൾ തന്നെ സംഗതി പൊളിക്കുമെന്ന് ഉറപ്പിച്ചതാണ്. മേപ്പാടിയിൽ എത്തി ഷൈൻ ചേട്ടനെ വിളിച്ചു. "സൂചിപ്പാറ റോട്ടിൽ വന്നു മൂന്നാമത്തെ പാലം കഴിഞ്ഞു മുകളിലേക്കുള്ള റോട്ടിനു കേറിക്കോ.. ഞാൻ ഇവിടെ ഉണ്ട്". പച്ചപ്പരവതാനി ഉണക്കാൻ ഇട്ടപോലെ ഉയർന്നും താണും കിടക്കുന്ന ഭൂമികയിൽ തേയില ചെടികൾ പച്ചപുതച്ച് കിടക്കുന്നതിനിടയിലൂടെ സൂചിപ്പാറ റോഡിൽ യാത്ര തുടർന്നു. ഇന്നലെ തകർത്തു പെയ്തിരുന്ന മഴ ഇന്ന് പേരിനു മാത്രം ചിതറി തെറിച്ചു ഊർന്നിറങ്ങുന്നതേ ഒള്ളു..!!

വിജനമായ റോട്ടിലൂടെ ബൈക്കിൽ പോകുന്ന സഞ്ചാരികൾ മാത്രം. കുറച്ചു സഞ്ചരിച്ചു കള്ളാടി മഖാമും മൂന്നാമത്തെ പാലവും കഴിഞ്ഞു ഒരു ജംക്ഷൻ കണ്ടു. വലത്തോട്ട് മുകളിലേക്ക് പോകുന്ന ചെറിയ റോട്ടിനടുത്ത് വനം വകുപ്പിന്റെ ഒരു ബോർഡ് ഉം ഉണ്ട്.. ഒന്നുടെ ഷൈൻ ചേട്ടനെ വിളിക്കാൻ ഫോൺ എടുത്തു. ഇനിയാണ് ഈ കാട് നമുക്കൊരുക്കിയ ഒരു പുണ്യം കൂടെ മനസ്സിലാക്കിയത്!! ഒരു തരത്തിൽ എല്ലാ ടെലഫോൺ നെറ്റ് വർക്കുകളും അന്ത്യ ശ്വാസം വലിച്ചിരിക്കുന്നു. ഇനി അങ്ങോട്ട് ഇടക്കെങ്കിലും വിരൽ തുമ്പിനാൽ ബന്ധിച്ചിരിക്കുന്ന ബന്ധങ്ങൾക്ക്‌ സമയം കളയണ്ട.

മുകളിലേക്ക് ബുള്ളറ്റിനേം തെളിച്ചു ചെന്നപ്പോൾ ഞങ്ങളെയും കാത്ത് ഷൈൻ ചേട്ടൻ നിൽപ്പുണ്ടായിരുന്നു. പിന്നെ ചേട്ടന്റെ കൂടെ ആയി യാത്ര..!! കാട് ആരംഭിച്ചിരിക്കുന്നു.. ടാർ റോഡ് അതിന്റെ സ്വഭാവത്തിൽ നിന്നും ഓഫ് റോട്ടിലേക്കുള്ള മാറ്റം തുടങ്ങിയിരിക്കുന്നു. കുറച്ചു മുൻപോട്ട് പോയപ്പോൾ ഷൈൻ ചേട്ടന്റെ വീട് കണ്ടു. രാത്രിയുടെ നിറം പെട്ടെന്ന് കാട്ടിനുള്ളിൽ മാറുന്നത് കൊണ്ട് തന്നെ ബാഗെല്ലാം ചേട്ടന്റെ വീട്ടിൽ വെച്ച ബൈക്കിൽ ഓഫ്‌റോടായി കുറച്ചു യാത്ര ചെയ്യാമെന്ന് തീരുമാനിച്ചു.

കിടുക്കാച്ചി അനുഭവം തുടങ്ങുകയായിരുന്നു. നിറം മാറുന്ന ചതുപ്പ് നിലം പിന്നിട്ട് 900 കണ്ടിയുടെ നിഗൂഡതതയിലേക്കു ഒരു മുഖം കാണിക്കലായിരുന്നു. ഒന്നരയടി വീതി രണ്ട് സൈഡിലും കോൺക്രീറ് ഇട്ട റോഡ് ഇടക്ക് കുത്തനെ കയറ്റവും വളവും ഇറക്കവും എല്ലാം ആയിട്ട് ഒരു അപാര കോമ്പിനേഷൻ. പുതു മഴ കൊണ്ട് മേനി നനച്ച മണ്ണിൽ ഇടക്ക് കെട്ടിക്കിടക്കുന്ന വെള്ളം അത് വഴി പോയ വണ്ടികളുടെ ടയറിന്റെ കഥകൾ കേട്ട് നിറം മാറിയിരിക്കുന്നു. സാഹസികത മാത്രമാകും മനസ്സിൽ ഇത് വഴി ബൈക്കിൽ പോകുമ്പോൾ തോന്നുന്ന ആദ്യ വിചാരം!!

നിർത്താതെ കരയുന്ന ചീവിടുകളെ പക്ഷെ ഞാനടക്കം ആരും ശ്രദ്ധിച്ചില്ല.. ബൈക്കിൽ മാത്രം പൂർണ ശ്രദ്ധ കൊടുത്തു കുത്തനെയുള്ള കയറ്റം കയറി . ഇടക്ക് മുക്ര ഇട്ടു മടി കാണിച്ചു നിൽക്കുന്ന ഇരു ചക്രാജീവികൾക്കു മണ്ടക്ക് നല്ല കിഴുക്ക് കൊടുത്ത് അനുസരണയോടെ മുന്നോട്ട് തന്നെ പായിപ്പിച്ചു. എവിടെയൊക്കെയോ വെള്ളമൊഴുകുന്ന ശബ്ദം കേൾക്കാം. അങ്ങനെ കുറെ മുന്നോട്ട് പോയി ചൂടായി നിൽക്കുന്ന ഇരുമ്പു ജന്തുക്കൾക്ക് വിശ്രമം കൊടുത്തു.

കാടിനുള്ളിലേക്ക് നടക്കാൻ ആരംഭിച്ചു. ഒരു ചെറിയ അരുവി പിന്നിട്ടു ഷൈൻ ചേട്ടൻ കൊണ്ട് പോയത് കരിങ്കല്ല് കൊണ്ട് നിർമിച്ച ഒരു പഴയ കെട്ടിടത്തിനടുത്തേക്കായിരുന്നു. മഞ്ഞു മൂടിയ ഇരുണ്ട വനത്തിനുള്ളിൽ ഏതോ ഹൊറർ സിനിമക്ക് സെറ്റ് ഇട്ട ലൊക്കേഷൻ പോലെ നിഗൂഢമായിരുന്നു ആ പശ്ചാത്തലം. ആരും ഇഷ്ട്ടപെട്ടു പോകുന്ന കാട്ടിനുള്ളിലെ ആ നിർമിതി കണ്ടു നിൽക്കുന്നതിനിടയിൽ ഷൈൻ ചേട്ടൻ കാടിനെകുറിച്ചും ഈ കെട്ടിടത്തെ കുറിച്ചും പറഞ്ഞു തരുന്നുണ്ട്. "നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ സ്റ്റേ ചെയ്യാം..എന്താ നോക്കണോ ? പക്ഷെ ആനയുടെ ശല്യം ഉണ്ട് !"

എന്നും പറഞ്ഞു ആന ചവിട്ടി മെതിച്ച ഭാഗവും കാണിച്ചു തന്നു. തൊട്ടടുത്തുള്ള ചെറിയ പൈപ്പിലൂടെ മലമുകളിൽ നിന്നും വരുന്ന വെള്ളം രുചിച്ചു കുടിക്കുന്നതിനിടയിൽ ഒന്നാലോചിച്ചു കൊണ്ട് ഇല്ലാന്ന്പറഞ്ഞെങ്കിലും മനസ്സിൽ ഇങ്ങനെ കാട്ടിനുള്ളിൽ താമസിക്കുന്നത് ഒരിഷ്ക് തന്നെ ആയിരുന്നു. പക്ഷെ സുരക്ഷയെക്കാൾ വലുതല്ലല്ലോ ആഗ്രഹങ്ങൾ !! തിരിച്ചു നടന്നപ്പോൾ ആണ് വേരുകൾ കൊണ്ട് മതിൽ തീർത്ത് ഇലകൾ കൊണ്ട് മേൽക്കൂര തീർത്ത വന്മരത്തെ കണ്ടത്. എന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇത്രയും വലിയ മരം കാണുന്നത്. ഉടലും ശിരസുമെല്ലാം പടർന്നു പന്തലിച്ചു നിൽക്കുന്ന മുതുക്കൻ മരത്തിൽ നിന്നും അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന ചെറിയ വേരുകൾ തൂങ്ങി കിടക്കുന്നുണ്ട്. "വേണേൽ ഒന്ന് കേറി നോക്കിക്കോ.."

അന്തം വിട്ടു വണ്ടറടിച്ചു മുകളിലേക്ക് നോക്കി നിൽക്കുന്ന ഞങ്ങളെ നോക്കി ഷൈൻ ചേട്ടൻ പറയേണ്ട സമയം ഞങ്ങൾ ഓരോരുത്തരായി വേരുകളിലൂടെ കയറി തുടങ്ങി. അവതാർ സിനിമയിൽ കാണുന്ന പോലെ ഉള്ള മരത്തിന്റെ കാൽ ഭാഗം പോലും കയരുന്നതിനു മുൻപ് തന്നെ ഞങ്ങൾ കാഴ്ചയുടെ ഉച്ചിയിൽ എത്തിയിരിക്കുന്നു. ഇരുട്ട് മൂടിയ കാട്ടിനുള്ളിൽ ആണ് മാമരത്തിനു കാൽമുട്ടിൽ ഞങ്ങൾ നിൽക്കുന്നത്.. കൂട്ടിനു വീശിയടിക്കുന്ന കോടയിൽ തണുപ്പ് ഉടലോടെ കുളിരണിയിക്കുന്നു.. വണ്ടിയിൽ പോയപ്പോൾ ശ്രദ്ധിക്കാതിരുന്ന ചീവീടുകളുടെ ഒച്ചപ്പാട് എവിടെയൊക്കെയോ തുളച്ചു കയറുന്നു. ഉറങ്ങാൻ പോകുന്ന അനേകായിരം കിളികൾ പാട്ടുപാടി പരിശീലിക്കുന്നും ഉണ്ട്. മൊത്തത്തിൽ കാടിനെ പ്രണയിച്ചു പോകും ആരായാലും..!!

"ഇരുട്ട് കയറുന്നുണ്ട്. തിരിച്ചു ഓഫ്‌റോട് അത്രേം ഇറങ്ങാനുണ്ടെന്ന്" ഷൈൻ ചേട്ടൻ ഓർമിപ്പിച്ചപ്പോൾ വള്ളികളിലൂടെ ഞങ്ങൾ ഊർന്നിറങ്ങി. പിന്നെ ചെറിയ ഇടവഴിയിലൂടെ കാടിന്റെ മടിത്തട്ടിലൂടെ ഒഴുകുന്ന ചെറിയ അരുവിയിലേക്ക്..! പതിയെ കാൽ വെച്ച് തൊട്ടപ്പോൾ തന്നെ തണുപ്പിന്റെ സുഖമുള്ള "ചൂട്" ആകെ പടർന്നു ശരീരമാകെ കയറി. പിന്നെ ഒന്നും നോക്കിയില്ല. യാന്ത്രികമായി തന്നെ ഞങ്ങൾ അർദ്ധ നഗരരായി ഐസിനെ പോലെ തണുത്ത വെള്ളത്തിലേക്ക് ചാടി. ഒറ്റ മുങ്ങലിൽ തന്നെ തണുപ്പ് കാരണം വിറച്ചു തുടങ്ങിയിരുന്നു. കന്യകയായ മലയാണ്.. അവളുടെ ആരും കൈവെക്കാത്ത പൂമേനിയിലൂടെ ഒഴുകി വരുന്ന നീരുറവയാണ്.. ഈ വെള്ളത്തിനു നമ്മുടെ ആത്മാവിനെ പോലും ശുദ്ധിയാക്കാൻ കഴിയുമായിരിക്കും. പലയാവർത്തി മുങ്ങി താണിട്ടും മതിവരുന്നില്ല. ഇടക്ക് ചെറിയ പാറയിൽ കയറി ഒന്ന് രണ്ട് തവണ ചാടി തിമിർത്തു.

പക്ഷെ ആ പാറയിലേക്കുള്ള കയറ്റത്തിനിടയിൽ മഴക്കാടുകളിൽ രക്തമൂറ്റുന്ന അട്ടകൾ മ്മടെ ചോരയുടെ രുചി അറിയാനുള്ള ശ്രമം ആയിരുന്നെന്ന് അറിയാൻ കുളി ഒക്കെ കഴിഞ്ഞു കേറിയപ്പോൾ ആണ് മനസ്സിലായത്. ആദ്യം അല്പം പേടി.. പിന്നെ അമ്പരപ്പ്.. അത് പിന്നെ കൗതുകത്തിൽ അവസാനിച്ചു.. ആദ്യമായി അട്ടയെ കാണുന്ന ചങ്കിനു നല്ല പോലെ കാണിച്ചു കൊടുത്തു. തലയും വാലും വെച്ച് ഉടൽ വളച്ചു പതിയെ അള്ളി പിടിച്ചു കയറി ചോര കുടിച്ചു പോകുന്ന അട്ടയുടെ വിഹാരകേന്ദ്രം കൂടെ ആണ് ഈ മഴക്കാടുകൾ!

മുൻപ് അട്ടയെ കാണാൻ വേണ്ടി അഗുംബെ കാടുകൾ കയറിയ അട്ടയെ കാണാനുള്ള പൂതി 900 കണ്ടി തീർത്തു കയ്യിൽ തന്നൂന്ന്പറയലാകും അന്തസ്സ്!! കുളി കഴിഞ്ഞു ബൈക് വെച്ചിടത്തേക്കു നടന്നപ്പോൾ അകവും പുറവും തണുത്തിരുന്നു. പുനർജനി പോലെ കാട്ടിലേക്കുള്ള മടക്കം!! വെറും വാക്കല്ല.. ടെൻഷനും അഹംഭാവവും എല്ലാം അലിഞ്ഞില്ലാതായി പോലെ.. അതാണല്ലോ സഞ്ചരിക്കുന്നവർ ഒഴുകുന്ന വെള്ളം പോലെ ആണെന്ന് പറയുന്നത്.

ഇനി കാട്ടിനുള്ളിലെ രാത്രി ആണ്. ഷൈൻ ചേട്ടന്റെ വീട്ടിനു മുന്നിലെത്തിയപ്പോഴാണ് കാട്ടിനുള്ളിലെ പ്രേതാകാര ഭംഗിയോടെ നിൽക്കുന്ന പഴയ കെട്ടിടത്തിൽ താമസിക്കാൻ കഴിയാഞ്ഞത് നഷ്ടമായില്ല എന്ന് തോന്നിയത്. ക്യാൻവാസിൽ വരച്ചു വെച്ച പോലെ അടുത്ത് അരണ മലയുടെ ഭാഗം കാണുന്നു. പടർന്നു നിദ്ര‌യിലാണ്ടു കിടക്കുന്ന ആ മലഞ്ചെരുവിനു അഭിമുഖമായി ടെന്റ് അടിക്കാനുള്ള സൗകര്യവും ചെയ്ത തന്നു. ഞങ്ങൾക്കുള്ള ഭക്ഷണം വാങ്ങാൻ പുള്ളി കള്ളാടിയിലേക്കുപോയി. ഈ സമയം കൊണ്ട് തന്നെ നല്ലൊരു ആത്മ ബന്ധം തന്നെ ഞങ്ങൾക്കെല്ലാവർക്കുമിടയിൽ ഉണ്ടായിരുന്നു. റെന്റ് അടിച്ചു കഴിഞ്ഞപ്പോയെക്കും ആവി പാറുന്ന സുലൈമാനിയുമായി ഷൈൻ ചേട്ടന്റെ ഭാര്യ വന്നു.

കൂടെ അവിടെ തന്നെ ഉണ്ടായ പഴവും. CFL ബൾബിന്റെ പ്രകാശത്തിൽ ഞങ്ങൾ നിൽക്കുന്ന കുന്നിൻ മുകളിലൂടെ ചെറു കണികകളായി തെണ്ടി നടക്കുന്ന കോട കണ്ടു ഇരിക്കുമ്പോൾ തന്നെ ക്യാമ്പ് ഫയർ ചെയ്യാനുള്ള മരക്കഷ്ണങ്ങൾചെങ്ങായിമാർ സെറ്റ് ആക്കി വെച്ചിരുന്നു. മഞ്ഞിന്റെ കുളിരിനെ ഭേദിച്ച് എരിഞ്ഞു തീരുന്ന കുഞ്ഞു തീ നാളങ്ങൾക്കു ചുറ്റും വട്ടമായി ഇരുന്നു . പിന്നെ പെറ്റവയറു പോലും സഹിക്കാത്ത തള്ളലും തലോടലുമായി കുറച്ചു സമയങ്ങൾ.. വീണ്ടും കട്ടൻ എത്തി .. തീ നാളം കരിഞ്ഞുണങ്ങി തണുത്ത് മൃതിയടഞ്ഞപ്പോൾ പോലും ഞങ്ങളുടെ സൊറപറച്ചിൽ തീർന്നിട്ടുണ്ടായിരുന്നില്ല.. അപ്പോഴേക്ക് ഷൈൻ ചേട്ടൻ എത്തി.

മഞ്ഞും കൊണ്ട് പുറത്തെ വട്ട മേശയിൽ വീണ്ടും വിശപ്പിനെ കഴിച്ചൊതുക്കി . താഴെ ഉള്ള മൺവീട്ടിൽ പോയി കുറച്ചു നേരം വിശ്രമിച്ചു. തണുപ്പും ചൂടും ഇല്ലാതെ നല്ല സുഖകരമായ അന്തരീക്ഷമായിരുന്നു ആ കുഞ്ഞു മൺവീട്ടിൽ. പഴമയുടെ നിർമിതിയുടെ രഹസ്യം ഇതൊക്കെ ആകാം.!! അട്ട കടികൂടുതൽ കിട്ടിയ സഫ്‌ത്താർ എന്ന മ്മടെ ചെങ്ങായി ഇത്രയും നേരം കാലിൽ നിന്നും പൊട്ടി ഒലിക്കുന്ന ചുടു ചോരയുടെ ആവലാതിയിലായിരുന്നു. ഫ്രഷ് ആയി ടെന്റുകൾക്കരികിൽ ഉള്ള പാറപ്പുറത്ത് മലർന്നു കിടന്നു. മനുഷ്യൻ തന്നെ ആണ് അനുഗ്രഹീതർ എന്ന്തോന്നിയ നിമിഷങ്ങൾ..!! അല്ലങ്കിൽ നമുക്ക് ചുറ്റും ഇത്ര എളുപ്പത്തിൽ പടച്ചോൻ സ്വർഗം തീർക്കുമോ?? ഇതൊക്കെ അനുഭവിക്കാൻ ഈ ചെറിയ ജീവിതത്തിൽ ചെറിയ ശതമാനം പോലും നമുക്ക് കഴിയാതെ പോകുന്നവർ മാത്രമാണ് ഹതഭാഗ്യർ!! 12 മണി ആയിക്കാണും ടെന്റിനുള്ളിലെ ചൂടും തേടി പോയപ്പോൾ..! മനസ്സ് കൊണ്ട് 100 ശതമാനം ഉറങ്ങിയ ചില രാത്രികളിലേക്ക് ഒന്നുടെ ചേർക്കാൻ പോയത്..!! നാളെ അതിരാവിലെ കാണാൻ പറ്റുന്ന ആ അന്തസ്സുള്ള കാഴ്ചയും മനസ്സിലിട്ടു കൊണ്ട്.