സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. ഇപ്പോൾ സീരിയൽ രംഗത്തു നിന്ന് താൽക്കാലികമായി മാറി നിൽക്കുന്നതായി അറിയിച്ചിരിക്കുകയാണ് അമ്പിളി ദേവി. തന്റെ ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. ശാരീരികമായ വിഷമങ്ങൾ കാരണമാണ് ഇത്തരമൊരു തീരുമാനമെന്ന് അമ്പിളി ദേവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മൂന്നര മാസം ഗർഭിണിയാണ് അമ്പിളി. സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണെന്നും നടി പറയുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നു മാറിനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും അവസ്ഥ കാരണം മാറിനിൽക്കാതെ പറ്റില്ലെന്നാണ് താരം പറയുന്നത്. തനിക്കു പകരം തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ സ്വീകരിക്കണമെന്നും അവർ പറഞ്ഞു. ജനുവരി 25നായിരുന്നു അമ്പിളിദേവിയുടെയും നടൻ ആദിത്യന്റെയും വിവാഹം.