കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർ ഭരണിക്കാവ് ആയിക്കുന്നം ചരണിക്കൽ വീട്ടിൽ അനന്ദു (22)വാണ് അറസ്റ്റിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. തങ്ങൾ പ്രണയത്തിലായിരുന്നെന്നും എന്നാൽ മറ്റ് ചില കാരണങ്ങളാണ് പെൺകുട്ടിയെ ആക്രമിക്കാൻ കാരണമെന്നുമാണ് അനന്ദുവിന്റെ മൊഴി.
പ്രണയം നിരസിച്ചതിനാലാണ് അനന്ദു ആക്രമിച്ചത് എന്നാണ് പെൺകുട്ടി നൽകിയ മൊഴി. ജൂലായ് ഒന്നിന് പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. ടെറസിലൂടെ വീട്ടിൽ കടന്ന അനന്ദു പെൺകുട്ടിയുടെ മുറിയിൽ കയറി സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അടിവയറ്റിൽ കുത്തുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കൾ അടുത്ത മുറിയിൽ നിന്ന് ഓടി എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ഉടൻ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.