indian-navy

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യവും സമുദ്ര സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നാവികസേനയ്‌ക്കും കോസ്‌റ്റ് ഗാർഡിനുമായി പുതിയ യുദ്ധക്കപ്പലുകൾ വാങ്ങുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. 6 മിസൈൽ വാഹിനി യുദ്ധകപ്പലുകളും 8 അതിവേഗ നിരീക്ഷണയാനങ്ങളും, ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് മോദി സർക്കാരിന്റെ പദ്ധതി. ഏതാണ്ട് ഒന്നരലക്ഷത്തോളം കോടി രൂപ ചെലവിട്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കപ്പലുകളുടെ പദ്ധതി രേഖ സമർപ്പിക്കാൻ രാജ്യത്തെ ഏഴ് കപ്പൽ നിർമാണ ശാലകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ കപ്പൽ നിർമാതാക്കളായ ലാർസൻ ആൻഡ് ടർബോ, റിലയൻസ് എന്നിവയ്‌ക്ക് പുറമെ സർക്കാർ നിയന്ത്രണത്തിലുള്ള മസഗോൾ ഡോക്ക് ഷിപ് ബിൽഡേഴ്സ്, ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനിയേഴ്സ് ലിമിറ്റഡ്, ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡ്, കൊച്ചിൻ ഷിപ്പ് യാർഡ് എന്നിവരോടാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

സമുദ്രസുരക്ഷാ രംഗത്ത് അയൽക്കാരായ ചൈനയിൽ നിന്നുയരുന്ന ഭീഷണി മറികടക്കുന്നതിന് മോദി സർക്കാർ ആവിഷ്‌ക്കരിച്ച 250 ബില്യൻ അമേരിക്കൻ ഡ‌ോളർ പ്രതിരോധ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ കപ്പലുകളും മറ്റും വാങ്ങുന്നത്. തങ്ങളുടെ ഓയിൽ ടാങ്കറുകൾക്ക് സുരക്ഷ ഒരുക്കാനെന്ന പേരിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തിടെ ചൈന തങ്ങളുടെ യുദ്ധക്കപ്പലുകളെ വിന്യസിച്ചത് ഭീഷണിയാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. നാവികസേനയോടും കോസ്‌റ്റ് ഗാർഡിനോടും ആലോചിച്ച ശേഷമേ മിസൈൽ വാഹിനി യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള പദ്ധതികൾ വിവിധ കപ്പൽ നിർമാതാക്കൾ സമർപ്പിക്കുകയുള്ളൂവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കപ്പൽ നിർമാണത്തിലുള്ള വൈദഗ്ധ്യം, കാര്യക്ഷമത എന്നിവയും സാമ്പത്തിക ശേഷിയും പരിഗണിച്ചായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുക. ഏറ്റവും കുറഞ്ഞ തുക നിർദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാർ നൽകുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങാനും കേന്ദ്രസർക്കാർ ആലോചിക്കുന്നണുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

രണ്ടാം മോദി സർക്കാരിന് കീഴിലുള്ള ആദ്യ പ്രതിരോധ കരാറെന്ന നിലയിൽ 4.5ലക്ഷം കോടി രൂപ ചെലവിട്ട് ആറ് അന്തർവാഹിനികൾ നിർമിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നു. നിലവിൽ 140 യുദ്ധക്കപ്പലുകളാണ് ഇന്ത്യൻ നാവികസേനയ്‌ക്കുള്ളത്. 2027ഓടെ ഇത് ഇരുന്നൂറിലെത്തിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ കോസ്‌റ്റ് ഗാർഡിന് 35 കപ്പലുകളാണുള്ളത്. മൂന്ന് വർഷത്തിനുള്ളിൽ ഇത് ഇരുന്നൂറിലെത്തിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.