abhimanyu-death-anniversa

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊലക്കത്തിക്കിരയായിട്ട് ഇന്നേക്ക് ഒരുവർഷം. അഭിമന്യുവിന് സ്മാരകമായി നിർമ്മിക്കുന്ന സ്റ്റഡി സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിൽ കണ്ണീരടക്കാൻ പാടുപെടുകയാണ് അഭിമന്യുവിന്റെ അമ്മ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എം.എം മണിയും പങ്കെടുത്ത ചടങ്ങിൽ വേദിയിലേക്ക് കയറി വന്നപ്പോൾ ആ അമ്മ അറിയാതെ തേങ്ങി.

അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോളേജ് ഗെയ്റ്റിന് മുന്നിലിരുന്ന് കെ.എസ്.യു പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ഇവരെ പൊലീസ് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. ഒടുവിൽ പ്രതിഷേധക്കാരെയൊക്കെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കഴിഞ്ഞ വ‌ർഷം ജൂലായ് രണ്ടാം തീയതി പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെടുന്നത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ 28 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.