വാഷിംഗ്ടൺ: തങ്ങൾക്കെതിരെ അമേരിക്ക സൈനിക നടപടി തുടങ്ങിയാൽ അരമണിക്കൂറിനകം ഇസ്രായേലിനെ തകർക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയത് ലോകത്തെ വീണ്ടും യുദ്ധഭീഷണിയിലാക്കി. ഇറാനിയൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസീസ് കമ്മിഷൻ ചെയർമാൻ മൊജ്ത്തബ സൊൽനൂറാണ് അരമണിക്കൂറിനകം ഇസ്രായേൽ ഓർമ മാത്രമാകുമെന്ന മുന്നറിയിപ്പ് നൽകിയത്. സിറിയയിലെ ഇറാന്റെ ആയുധകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ യുദ്ധഭീഷണി. ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാനെ ആക്രമിക്കാനുള്ള നീക്കം അവസാന നിമിഷം വേണ്ടെന്ന് വച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്ന് മൊജ്ത്തബ പറഞ്ഞു. ആക്രമണം വിജയമാകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ അവർ അത് തടയുമായിരുന്നില്ല. പ്രസിഡന്റിന്റെ ഉപദേശകർ പരാജയം മണത്തിരുന്നുവെന്നും മൊജ്ത്തബ കൂട്ടിച്ചേർത്തു. മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കെയാണ് ഇറാന്റെ പ്രകോപനമെന്നതും ശ്രദ്ധേയമാണ്. 2015ലെ ആണവ കരാറിന് വിരുദ്ധമായി ആണവ സംപുഷ്ടീകരണവുമായി മുന്നോട്ട് പോകുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതമായി നിന്നുകൊണ്ടായിരിക്കും തങ്ങളുടെ പരീക്ഷണങ്ങളെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഇറാന്റെ തീക്കളിയാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. ഇറാനോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താൻ ഉത്തരവിട്ടെന്നും എന്നാൽ അവസാന നിമിഷം അതിൽ നിന്നും പിന്മാറിയെന്നും നേരത്തെ ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ രൂക്ഷമായ പ്രതികരണങ്ങളിലേക്ക് ട്രംപ് കടന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ട്രംപ് മണ്ടത്തരം കാണിക്കില്ലെന്ന് നിരീക്ഷണം
യു.എ.ഇ തീരത്ത് സൗദിയുടേത് ഉൾപ്പെടെ നാല് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടത് അമേരിക്ക - ഇറാൻ ഭിന്നതയ്ക്ക് ആക്കം കൂട്ടിയിരുന്നു. തുടർന്ന് ഗൾഫ് മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഇറാനിലെ ഹൊർമോസ്ഗാനിൽ ഇറാനിയൻ വിപ്ലവ ഗാർഡുകൾ അമേരിക്കൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തിയത്, യുദ്ധത്തിലേക്കു നയിക്കുമെന്ന് ലോകം കരുതി. പ്രതികാരമായി ഇറാനെ ആക്രമിയ്ക്കാൻ ഉത്തരവിട്ട പ്രസിഡന്റ് ട്രംപ് മിനിട്ടുകൾക്കുള്ളിൽ അത് പിൻവലിച്ചു. പകരം ഇറാന്റെ കമ്പ്യൂട്ടർ ശൃംഖലകളിൽ സൈബർ ആക്രമണം നടത്തിയാണ് അമേരിക്ക തിരിച്ചടിച്ചത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. അമേരിക്കയോ ഇറാനോ കടുത്ത യുദ്ധത്തിന് തയ്യാറല്ല. ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള യുദ്ധമുഖങ്ങളിൽ നിന്നും അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്ന് തിരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ചയാളാണ് ട്രംപ് . അതിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാനും, ഇറാക്കും, സിറിയയുമുൾപ്പെടെയുള്ള യുദ്ധരംഗങ്ങളിൽ നിന്നും പടിപടിയായി സൈനികരെ പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന ഡോണാൾഡ് ട്രംപ് ഒരു പുതിയ യുദ്ധമുഖം തുറന്ന് അമേരിക്കൻ സൈനികരെ ബലികൊടുക്കാനുള്ള സാദ്ധ്യത കുറവാണ്. പരമാവധി സമ്മർദ്ദം ചെലുത്തി, വീണ്ടും ഇറാനെ ചർച്ചയിലേക്കു കൊണ്ടുവന്ന് ശക്തമായ നിബന്ധനകളോടെ പുതിയ ആണവകരാറിൽ പങ്കാളിയാക്കാൻ പറ്റുമോ എന്നതാണ് ട്രംപിന്റെ ആലോചന. അങ്ങനെയാണെങ്കിൽ ഒബാമ തയാറാക്കിയതിനേക്കാൾ ശക്തമായ ഉടമ്പടിയാണ് ഇറാനെക്കൊണ്ട് ഒപ്പുവയ്പിച്ചതെന്ന് തിരഞ്ഞെടുപ്പിൽ അവകാശപ്പെടാൻ ട്രംപിനു കഴിയും. ഇറാനെ സംബന്ധിച്ചാണെങ്കിൽ ദീർഘകാലമായി നിലനിന്ന ഉപരോധത്തിൽ നിന്നും മോചനം ലഭിച്ചെന്ന സന്ദർഭത്തിലാണ് വീണ്ടും ഉപരോധത്തിന്റെ തടങ്കലിൽപ്പെടുന്നത്. ഈ ഉപരോധങ്ങൾ ഇറാനെ സാമ്പത്തികമായി തളർത്തിയിരിക്കുകയാണ്. എന്നാൽ ആത്മാഭിമാനം പണയപ്പെടുത്തി ഒത്തുതീർപ്പിന് ഇറാൻ തയ്യാറല്ല. അമേരിക്കയുടെയും ഇറാന്റെയും അഭിമാനം സംരക്ഷിച്ചുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിന് ഇപ്പോൾ കാഴ്ചക്കാരനെ പോലെ നിൽക്കുന്ന ഐക്യരാഷ്ട്രസഭ മുൻകൈയെടുക്കുമോ? അതിന് അമേരിക്ക ഐക്യരാഷ്ട്രസഭയെ അനുവദിക്കുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിത്.