ബിർമിംഗ്ഹാം: ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ നിർണായക മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ച്വറി അടിച്ചതിന് പിന്നാലെ പുറത്ത്. സമ്യ സർക്കാരിന്റെ ബോളിൽ ലിട്ടൻ ദാസ് രോഹിതിനെ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു90 ബോളിൽ ആറ് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കമാണ് രോഹിത് തന്റെ സെഞ്ച്വറി തികച്ചത്. പിന്നാലെ ക്രീസിലുണ്ടായിരുന്ന കെ.എൽ രാഹുലും പുറത്തായി. റൂബൽ ഹുസൈന്റെ ബോളിൽ മുസ്ഫിക്കർ റഹീം ക്യാച്ചെടുക്കുകയായിരുന്നു. നിലവിൽ 33 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 204 റൺസിൽ എത്തി നിൽക്കുകയാണ്. ഋഷഭ് പന്തും ക്യാപ്ടൻ വിരാട് കൊഹ്ലിയുമാണ് ക്രീസിലുള്ളത്
ലോകകപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി സെമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ ടീമിൽ വരുത്തിയത്.
പരിക്കേറ്റ് പുറത്തായിരുന്ന ഭുവനേശ്വർ കുമാർ തിരിച്ചെത്തി. ദിനേശ് കാർത്തികും ഈ ലോകകപ്പിലെ ആദ്യ മത്സരം കളിക്കും. കുൽദീപ് യാദവിന് പകരമാണ് ഭുവി എത്തിയത്. മോശം ഫോമിലുള്ള കേദാർ ജാദവിന് പകരം കാർത്തികും ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും രണ്ട് മാറ്റമുണ്ട്. മെഹ്ദി ഹസന് പകരം റൂബൽ ഹുസൈനും മഹ്മുദുള്ളയ്ക്ക് പകരം സാബിർ റഹ്മാനും കളിക്കും.
ഇന്ത്യ: കെ.എൽ രാഹുൽ, രോഹിത് ശർമ, വിരാട് കൊഹ്ലി, റിഷഭ് പന്ത്, എം.എസ് ധോണി, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബൂമ്ര.
ബംഗ്ലാദേശ്: തമീം ഇഖ്ബാൽ, ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖർ റഹീം, സൗമ്യ സർക്കാർ, മൊസദെക്ക് ഹൊസൈൻ, സാബിർ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീൻ, മഷ്‌റഫി മൊർത്താസ, റൂബെൽ ഹുസൈൻ, മുസ്തഫിസുർ റഹ്മാൻ.
കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടൂർണമെന്റിലെ ആദ്യ തോൽവി വഴങ്ങിയ ഇന്ത്യ ഇന്ന് അതേ മൈതാനത്ത് തന്നെയാണ് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്. 7 മത്സരങ്ങളിൽ നിന്ന് 5 ജയവും 1 തോൽവിയുമുൾപ്പെടെ 11 പോയിന്റുള്ള ഇന്ത്യൻ ടീം പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശിന് 7 മത്സരങ്ങളിൽ നിന്ന് 3 വീതം ജയവും തോൽവിയുമായി 7 പോയിന്റാണുള്ളത്.