m-muraleedharan-vs-

വി.എസ് അച്ചുതാനന്ദന്റെ നിലപാടുകളോട് തനിക്ക് മതിപ്പ് തോന്നിയിട്ടുണ്ടെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. എതിർരാഷ്‌ട്രീയ ചേരിയിലുള്ള നേതാക്കളുടെ ശൈലിയോട് താൽപര്യം തോന്നിയിട്ടില്ല. എന്നാൽ വി.എസിന്റെ നിലപാടുകളോട് പലപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഗൃഹലക്ഷ്‌മിയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

പാർട്ടി സെക്രട്ടറിയായിരുന്ന വി.എസ് കുറച്ചു കൂടി കർക്കശക്കാരനായിരുന്നു എന്ന് തന്നോട് സി.പി.എമ്മിനകത്തുള്ള ആളുകൾ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുരളീധരൻ പറയുന്നു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസും പിന്നീട് വന്ന വി.എസും രണ്ടാണ്. അപ്പോൾ ഏതാണ് യഥാർത്ഥ വി.എസ് എന്ന് സംശയമുണ്ടെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

സി.പി.എമ്മിന്റെ ശക്തി കേന്ദ്രത്തിൽ സർ‌ക്കാർ സർവീസിലിരുന്ന ആ.എസ്.എസിനു വേണ്ടി പ്രവർത്തിച്ചതാണ് കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ തന്റെ ജോലി നഷ്‌ടപ്പെടാൻ കാരണമെന്ന് അഭിമുഖത്തിൽ മുരളീധരൻ പറയുന്നുണ്ട്. തലശേരി സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കൊലപാതക ശ്രമം ചുമത്തി തന്നെ അറസ്‌റ്റു ചെയ്‌തത് ഇതിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.