ലഖ്‌നൗ: ആശുപത്രി മരിച്ചെന്ന് വിധിയെഴുതിയ യുവാവിനെ സംസ്കരിക്കാൻ ഒരുങ്ങുന്നതിനിടെ കൈകാലുകൾക്ക് അനക്കം. കുടുംബാംഗങ്ങൾ മുഹമ്മദ് ഫർഖാൻ എന്ന 20കാരനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച്,വെന്റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ ഫർഖാനെ ജൂൺ 21നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മരണം സ്ഥിരീകരിക്കുകയും മൃതദേഹം ആംബുലൻസിൽ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
'സംസ്‌കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടയിൽ അവന്റെ കൈകാലുകൾ അനങ്ങുന്നതായി ഞങ്ങളിൽ ചിലർക്ക് തോന്നി. പെട്ടെന്ന് തന്നെ ഫർഖാനെ റാം മനോഹർ ലോഹിയ ആശുപത്രിയിൽ കൊണ്ടുപോയി. അവന് ഇപ്പോഴും ജീവൻ ഉണ്ടെന്ന് ഡോകടർ പറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ഏഴ് ലക്ഷം രൂപ അടച്ചിരുന്നു. പണം തീർന്നെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. തിങ്കളാഴ്ച അവർ ഫർഖാന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു'-ഫർഖാന്റെ സഹോദരൻ മുഹമ്മദ് ഇർഫാൻ പറഞ്ഞു.
'രോഗി ഗുരുതരാവസ്ഥയിലാണ്, എന്നാൽ മസ്തിഷ്‌കമരണം സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന് പൾസും രക്തസമ്മർദവുമുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ'- ഫർഖാനെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.