കരാറെടുത്ത് ജോലി ചെയ്യുന്നവർ നേരിടുന്ന പ്രധാനപ്രശ്നം കസ്റ്റമറുടെ കടം പറച്ചിലിലാണ്. ജോലി തീർക്കുമ്പോൾ തുക പൂർണമായും ലഭിക്കണം എന്ന നിബന്ധനയിൽ തുടങ്ങുന്നത് ചിലപ്പോൾ പണി പൂർത്തീകരിച്ച ശേഷവും ബാക്കിയാവും. ഇത്തരക്കാരോട് ഒടുവിൽ മുഷിയേണ്ടി വരുന്നവരും ഉണ്ടാവും. എന്നാൽ ഇതിനൊക്കെ ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. ഡൺലി എന്ന പേരിലറിയപ്പെടുന്ന സ്റ്റാർട്ടപ്പാണ് ഈ പണപ്രശ്നം പരിഹരിക്കാൻ എത്തിയിരിക്കുന്നത്. കോട്ടയം സ്വദേശി ജീസ് രാജും മംഗളൂരു സ്വദേശിനി സോഫിയ മാനുവലുമാണ് 'ഡൺലി'യുടെ സൃഷ്ടാക്കൾ.
ജോലി സംബന്ധമായ ചർച്ചകൾ കഴിഞ്ഞ് തുക ഉറപ്പിക്കുന്നത് മുതൽക്ക് ഉപഭോക്താക്കൾ ആപ്ലിക്കേഷൻ വഴി വിവരങ്ങൾ അപ് ലോഡ് ചെയ്യണം. ഉപഭോക്താവ് ഇൻവോയിസ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോൾത്തന്നെ
പണം നൽകേണ്ടയാൾക്ക് ഫോൺ കോൾ, എസ്.എം.എസ്., ഇമെയിൽ, വാട്സാപ്പ് എന്നിവ വഴി ആവശ്യം അറിയിക്കും. ഇനി ഡൺലിയുടെ മെസേജുകൾ സ്ഥിരമായി പണം നൽകേണ്ടയാൾ അവഗണിക്കുകയാണെങ്കിൽ നിയമപരമായ വഴികൾ സ്വീകരിക്കാനും ഡൺലി മുന്നിട്ടിറങ്ങും. ഇതിനു വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകുകയും ചെയ്യും. ചെറുകിട വ്യവസായ സംരംഭങ്ങൾക്കാണ് ഡൺലി ഏറ്റവും പ്രയോജനകരം. ഇൻവോയിസ് കിട്ടാക്കടത്തിലേക്ക് പോകാതിരിക്കാനുള്ള സൗകര്യവും ഇതിൽ ലഭ്യമാക്കിയിട്ടുണ്ടെന്നത് ഒരു പ്രത്യേകതയാണ്. ബിസിനസ് ഇടപാടുകൾക്ക് കരാർ തയ്യാറാക്കിയിട്ടുള്ള പ്രവർത്തികൾക്ക് മാത്രമേ ഡൺലിയുടെ സേവനം ലഭ്യമാവുകയുളള്ളൂ.