modi-

ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ ധാർഷ്‌ട്യത്തോടെയുള്ള പെരുമാറ്റം താൻ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്ററി പാർട്ടി യോഗത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകി.

''മോശമായി പെരുമാറുന്നത് ആരായാലും, ആരുടെ പുത്രനോ പുത്രിയോ ആയാലും പൊറുക്കില്ല.''-മോദി കടുപ്പിച്ച് പറഞ്ഞു. എം.പിമാർക്കും അവരിലൂടെ മറ്റ് നേതാക്കൾക്കുമുള്ള ശക്തമായ സന്ദേശമാണ് മോദി നൽകിയത്.

മദ്ധ്യപ്രദേശിലെ ഇൻഡോർ എം.എൽ.എയായ ആകാശ് വിജയ വർഗീയ ഒരു മുനിസിപ്പൽ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചതും പിതാവും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ കൈലാസ് വിജയ വർഗീയ അതിനെ ന്യായീകരിച്ചതും വിവാദമായ പശ്ചാത്തലത്തിലാണ് മോദിയുടെ താക്കീത്. കൈലാസ് വർഗീയയും യോഗത്തിൽ പങ്കെടുത്തിരുന്നു.

തെറ്റുകൾ സംഭവിച്ചാൽ ക്ഷമാപണത്തിനുള്ള മനസ് ഉണ്ടാവണമെന്നും മോദി പറഞ്ഞു. യാതൊരു പശ്ചാത്താപവും ഇല്ലാത്ത മട്ടിലുള്ള പിതാവിന്റെയും പുത്രന്റെയും നിലപാട് മോദിയെ ക്ഷുഭിതനാക്കിയെന്നാണ് സൂചന. കൈലാസ് വിജയ വർഗീയ ബംഗാളിലെ ബി.ജെ.പിയുടെ ചുമതലക്കാരനുമാണ്. ഇരുവരുടെയും പെരുമാറ്റം പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നാണ് മോദി കരുതുന്നത്. തിരഞ്ഞെടുപ്പ് ജയവും അധികാരത്തിന്റെ ആനുകൂല്യങ്ങളും നേതാക്കൾക്ക് ധാർഷ്‌ട്യമുണ്ടാകാൻ അവസരമൊരുക്കുമെന്ന് മോദി മുന്നറിയിപ്പ് നൽകി.

കന്നി എം.എൽ.എ ആയ ആകാശ് ഉദ്യോഗസ്ഥനെ ഓടിച്ചിട്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആകാശ് രാഷ്‌ട്രീയത്തിൽ പുതുമുഖമാണെന്നും ഇതൊന്നും വലിയ കാര്യമല്ലെന്നും പറഞ്ഞാണ് കൈലാസ് പുത്രന്റെ വിളയാട്ടത്തെ ന്യായീകരിച്ചത്.
സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്ത് കൈലാസിനെ അറസ്റ്റ് ചെയ്‌തു. ഏതാനും ദിവസം ജയിലിൽ കിടന്ന ശേഷം ഞായറാഴ്ച ജാമ്യത്തിൽ ഇറങ്ങിയ ആകാശിനെ പിതാവും കുടുംബാംഗങ്ങളും ഹീറോയെ പോലെയാണ് വരവേറ്റത്. പിന്നീടും സ്വയം ന്യായീകരിച്ച ആകാശ് തന്നെ പ്രകോപിപ്പിച്ചാൽ ഇത് ആവർത്തിക്കുമെന്നും ധാർഷ്‌ട്യത്തോടെ പറഞ്ഞിരുന്നു.

എനിക്ക് കുറ്റബോധമില്ല. ഞാൻ തെറ്റ് ചെയ്‌തില്ല. ഇനിയും 'ബാറ്റ് ചെയ്യാൻ' അവസരം ഉണ്ടാക്കല്ലേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ് എന്നായിരുന്നു ആകാശിന്റെ പ്രതികരണം.

ജയിലിൽ നിന്ന് ഇറങ്ങിയ ആകാശിനെ സ്വീകരിച്ചവരെയും പുറത്താക്കണമെന്നും മോദി പറഞ്ഞതായാണ് സൂചന. ആകാശിനെതിരെ അച്ചടക്കനടപടി വന്നേക്കുമെന്നും സൂചനയുണ്ട്.

''സംഭവത്തിൽ പ്രധാനമന്ത്രി വളരെ അസ്വസ്ഥനാണ്. മോശമായി പെരുമാറാനും പരസ്യമായി അഹങ്കാരം പ്രകടിപ്പിക്കാനും പാർട്ടിക്ക് കളങ്കമുണ്ടാക്കാനും ആരും മുതിരരുതെന്നു വളരെ ശക്തമായി തന്നെയാണ് അദ്ദേഹം പറഞ്ഞത്.''

- രാജീവ് പ്രതാപ് റൂഡി

ബി.ജെ.പി നേതാവ്