facebook-post-marriage

ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ തുടങ്ങും വിവാഹം നോക്കുന്നില്ലേ എന്ന ചോദ്യം. വീട്ടുകാരേക്കാൾ അക്കാര്യത്തിൽ താൽപര്യം നാട്ടുകാർക്കാണ്. പെണ്ണ് പഠിച്ചിട്ട് എന്തിനാണ് കെട്ടിച്ച് വിടാനുള്ളതല്ലേ എന്ന് ചോദിക്കുന്നവരും നിരവധിയാണ്. പഠിപ്പിക്കണ്ട കെട്ടിച്ച് വിടാം എന്ന് വീട്ടുകാർ തീരുമാനമെടുത്താൽ പിന്നെയുള്ള പ്രശ്നം സ്ത്രീധനമാണ്, കൂടാതെ ചെറുക്കന്റെ വീട്ടുകാർക്ക് ധാരാളം ഡിമാന്റ് വേറെയും കാണും. മിക്ക പെൺകുട്ടികൾക്കും വിവാഹം കഴിയുന്നത് വരെയേ പഠിപ്പും ജോലിയുമൊക്കെയുള്ളു.

എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു വിവാഹ വിശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് റെജീന നൂർജഹാൻ എന്ന യുവതി. തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെ വിവാഹ വാർത്തയാണ് യുവതി പങ്കുവെച്ചത്. 'ഈയടുത്ത കാലത്തൊന്നും ഒരു പെൺകുട്ടിയുടെ വിവാഹ വാർത്ത കേട്ടിട്ട് ഇത്ര സന്തോഷിച്ചിട്ടില്ല.അവളുടെ പ്രതിശ്രുത വരനും കുടുംബവും അടുത്തയാഴ്ച അവളെ എം ടെക് നു ചേർത്തുകയാണ് . വിവാഹം കൊണ്ട് പഠിത്തം ഉപേക്ഷിക്കുകയില്ല തുടരുകയാണ് വേണ്ടതെന്നവർ തീരുമാനിച്ചിരിക്കുന്നു.' എന്ന് റെജീന കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു കല്യാണവർത്തമാനം കേട്ടിട്ട് ഇന്ന് ഏറെ സന്തോഷം തോന്നി ..എനിക്കറിയാവുന്നൊരു പെൺകുട്ടിയാണ് . ഒരു നാട്ടിൻപുറത്തെ അതി സാധാരണമായ ചുറ്റുപാടിൽ നിന്ന് വളരെ ബുദ്ധിമുട്ടി ബി ടെക്ക് കഴിഞ്ഞ കുട്ടിയാണ് . ഒരു back paper പോലുമില്ലാതെ . പഠിത്തത്തിന്റെ ഓരോ ഘട്ടത്തിലും എന്തിനാണിത്ര പഠിപ്പിക്കുന്നതെന്നും പെൺകുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്നും ബന്ധു ജനങ്ങൾ എന്ന ദുഷ്ട ജനങ്ങളും സകല വഴിപോക്കരും അഭിപ്രായം പറയുന്ന നാട്ടിൽ നിന്നുള്ള കുട്ടിയാണ് . ബിടെക് തീരുമ്പോഴേക്കും കല്യാണപ്രായം മൂത്തു പോയെന്നും ഇങ്ങനെ നടക്കുന്നതല്ലേ , അതൊക്കെ ആളെ സെറ്റാക്കി വെച്ചിട്ടുണ്ടാകുമെന്നും ഉറപ്പിച്ച നാടാണ് . നാട്ടിൻപുറം നന്മകളാൽ അതി സമ്പന്നമാണല്ലോ . 🤭 ഇപ്പോളവളുടെ വിവാഹം ഉറപ്പിച്ചു . അതല്ല സന്തോഷം 😍.

അവളുടെ പ്രതിശ്രുത വരനും കുടുംബവും അടുത്തയാഴ്ച അവളെ എം ടെക് നു ചേർത്തുകയാണ് . വിവാഹം കൊണ്ട് പഠിത്തം ഉപേക്ഷിക്കുകയില്ല തുടരുകയാണ് വേണ്ടതെന്നവർ തീരുമാനിച്ചിരിക്കുന്നു . നാട്ടു നടപ്പനുസരിച്ചുള്ള സ്വർണ്ണത്തിനും മറ്റു ചിലവിനുമായി ഉള്ള ഒരുക്കത്തിന് വേണ്ടി വല്യ പെരുന്നാൾ കഴിഞ്ഞു മതിയെന്ന് കരുതിയ അവളുടെ ബാപ്പയോട് , പയ്യന് നാട്ടിലാണ് ജോലി ( വിദേശത്തല്ല ), കുട്ടിയ്ക്ക് എഴുതി തീർക്കാൻ പരീക്ഷകളില്ല . പിന്നെന്തിന് വിവാഹം മാറ്റി വെക്കണം . സ്വർണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കിൽ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്നറിയിച്ചു വരനും കുടുംബവും .. ഈയടുത്ത കാലത്തൊന്നും ഒരു പെൺകുട്ടിയുടെ വിവാഹ വാർത്ത കേട്ടിട്ട് ഇത്ര സന്തോഷിച്ചിട്ടില്ല ...