കൊൽക്കത്ത: ശാരദ കേസിൽ ആരോപണവിധേയനായ ഐ.പി.എസ് ഓഫീസർ രാജീവ് കുമാറിന്റെ ഇടക്കാല ജാമ്യം കൊൽക്കത്ത ഹൈക്കോടതി ഈമാസം 22 വരെ നീട്ടി. ഇക്കഴിഞ്ഞ മേയിൽ ജൂലായ് 10 വരെ രാജീവിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. രാജീവിനോട് പാസ്പോർട്ട് കോടതിക്ക് കൈമാറാനും കൊൽക്കത്തയ്ക്ക് വെളിയിൽ യാത്രചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, അന്വേഷണ ഏജൻസിയിലെ ഉന്നത ഉദ്യോഗസ്ഥനായ രാജീവിന് കൊൽക്കത്ത നഗരത്തിന് വെളിയിൽ യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് അദ്ദേഹത്തിന്റെ വക്കീലായ മിലൻ മുഖർജി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള വാദം 15ന് നടക്കും.