mumbai

മുംബയ്: മുംബയിലും പരിസരപ്രദേശങ്ങളിലുമായി പെയ്ത കനത്ത മഴയിൽ 24 പേർ മരിച്ചു. മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഏറെപ്പേർ മരിച്ചത്. 2005 നു ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ 48 മണിക്കൂറുകളായി മുംബയിൽ അനുഭവപ്പെടുന്നത്. കൂടുതൽ മഴപെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.


മുംബയിലെ മലാഡിൽ ഒരു സ്ത്രീയും കുട്ടിയും മണ്ണിനടിയിൽ കുടുങ്ങി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാവികസേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. മലാഡിൽ ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 18 പേർ മരിക്കുകയും അൻപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആശുപത്രിയിലെത്തി അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ മഹാരാഷ്ട്രയിൽ ഇന്നലെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അവധി നീട്ടുമെന്നാണ് സൂചന. ആളുകൾ ജാഗരൂകരായിരിക്കണമെന്നും പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുംബയിലും താനെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കഴിഞ്ഞ അഞ്ചുദിവസമായി തുടർച്ചയായി മഴപെയ്യുകയാണ്. ജനവാസകേന്ദ്രമായ കല്യാൺ ടൗണിൽ മൂന്നുനിലക്കെട്ടിടം തകർന്നുവീണു. കെട്ടിടങ്ങളിൽനിന്ന് നേരത്തേതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. കല്യാണിൽ സ്കൂൾകെട്ടിടത്തിന്റെ ഭിത്തി വീടിനു മുകളിൽ തകർന്നുവീണ് മൂന്നുവയസുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ജാൽന മേഖലയിലെ പ്രധാനറോഡിന്റെ വലിയൊരു ഭാഗം ഒഴുകിപ്പോയി. മലാഡിന് സമീപം വെള്ളക്കെട്ടിൽ നിന്നുപോയ കാറിനുള്ളിൽ കുടുങ്ങിയ രണ്ടുപേർ ഇന്നലെ മരിച്ചു. അടുത്ത അഞ്ചു ദിവസത്തേക്ക് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ദുരന്തനിവാരണസേനയും നാവികസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

 ട്രെയിൻ, വ്യോമഗതാഗതങ്ങൾ നിറുത്തിവച്ചു

വെള്ളപ്പൊക്കത്തെത്തുടർന്ന്,​ നഗരത്തിലെ ട്രെയിൻ,​ വ്യോമഗതാഗതങ്ങൾ സ്തംഭിച്ചു. പാളങ്ങളിലും പ്രധാന വിമാനത്താവള റൺവേകളിലും വെള്ളം കയറി. 54 ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂർ - മുംബയ് സ്പൈസ്ജെറ്റ് വിമാനം തിങ്കളാഴ്ച റൺവേയിൽ ഇറങ്ങുന്നതിനിടെ തെന്നി മുന്നോട്ട് നീങ്ങിയിരുന്നു. വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തിങ്കളാഴ്ച അർദ്ധരാത്രിയിൽ അടച്ചിട്ട മുംബയ് വിമാനത്താവളത്തിന്റെ പ്രധാന റൺവേ 48 മണിക്കൂറിന് ശേഷമേ തുറക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു. ലോക്കൽ ട്രെയിനുകൾ റദ്ദാക്കിയത് ആയിരങ്ങളെ ബാധിച്ചു.

''കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മുംബയിൽ ലഭിച്ച മഴയുടെ അളവ് 540 മി.മീറ്ററാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഇത് റെക്കാഡാണ്. "-

പ്രവീൺ പർദേശി,

മുംബയ് മുനിസിപ്പൽ കമ്മിഷണർ