trump

വാഷിംഗ്ടൺ:പശ്‌ചിമേഷ്യയ്‌ക്കു മേൽ യുദ്ധഭീതി പരത്തി അമേരിക്ക വീണ്ടും ഇറാനെതിരെ ഭീഷണിമുഴക്കുന്നു. അതിന് മറുപടിയായി, അമേരിക്ക തങ്ങളെ ആക്രമിച്ചാൽ അരമണിക്കൂറിനുള്ളിൽ ഇസ്രയേലിനെ നശിപ്പിക്കുമെന്ന് ഇറാൻനും മുന്നറിയിപ്പ് നൽകി.

ഇറാൻ തീകൊണ്ടു കളിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ ഭീകരപ്രവർത്തനത്തിന്റെ സ്‌പോൺസറാണെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞതാണ് ആശങ്ക രൂക്ഷമാക്കുന്നത്.

ഇറാൻ - ഇസ്രയേൽ യുദ്ധത്തെക്കുറിച്ചാണ് ട്രംപ് സൂചിപ്പിക്കുന്നതെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2015ലെ ആണവകരാറിലെ വ്യവസ്ഥകൾ ലംഘിച്ച്​ സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം വർദ്ധിപ്പിക്കാൻ ഇറാൻ തീരുമാനിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ ഭീഷണി. കരാർപ്രകാരം സൂക്ഷിക്കാവുന്നതിലധികം സമ്പുഷ്‌ട യുറേനിയം തങ്ങൾക്കുണ്ടെന്ന് ഇറാൻ തിങ്കളാഴ്ച പരസ്യമായി പ്രഖ്യാപിച്ചത് അമേരിക്കയെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഈ മാസം 9 മുതൽ ബോംബ് നിർമ്മാണത്തിനായി യുറേനിയം സമ്പുഷ്ടീകരിക്കാനാണ് ഇറാന്റെ നീക്കം. ആണവപദ്ധതി പുനരാരംഭിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി മേയ് എട്ടിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നാണ് അമേരിക്കൻ നിലപാട്. മൈക് പോംപിയോയും തിങ്കളാഴ്ച ആ നിലപാട് ആവർത്തിച്ചാണ് ഇറാനെ ഭീകരപ്രവർത്തനത്തിന്റെ ഏറ്റവും വലിയ സ്പോൺസർ എന്ന് വിശേഷിപ്പിച്ചത്.

കഴിഞ്ഞ മാസം ഹോർമൂസ് കടലിടുക്കിന് മീതെ അമേരിക്കൻ സൈനിക ഡ്രോൺ ഇറാൻ വെടിവച്ചിട്ടതിൽ ക്ഷമിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അന്ന് ഇറാനെ ആക്രമിക്കുന്നത് അവസാന നിമിഷമാണ് അമേരിക്ക വേണ്ടെന്ന് വച്ചത്. 2500 സൈനികരെയും ന്യൂക്ലിയർ ബോംബർ വിമാനങ്ങളും മിസൈലുകളും ഉൾപ്പെടെ ഈ മേഖലയിൽ അമേരിക്ക വിന്യസിച്ചിട്ടുണ്ട്.

അമേരിക്ക ഞങ്ങളെ ആക്രമിച്ചാൽ ഇസ്രയേലിന്റെ ആയുസ് പിന്നെ അരമണിക്കൂർ മാത്രമേ നീളൂ എന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ - വിദേശനയ കമ്മിഷന്‍ ചെയർമാൻ മൊജ്താബ സൊന്നൂറാണ് മുന്നറിയിപ്പ് നൽകിയത്.

സിറിയയിലെ ഇറാന്റെ ആയുധകേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് മൊജ്താബയുടെ മുന്നറിയിപ്പ്. മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ആണവ പദ്ധതി ഉപേക്ഷിച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണ് 2015ൽ പ്രസിഡന്റ് ഒബാമയുടെ നേതൃത്വത്തിൽ യു.എസ് അടക്കം വൻശക്തികൾ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. ഇറാൻ ഭീകരസംഘടനകളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് 2018ൽ ട്രംപ് ഭരണകൂടം കരാറിൽ നിന്ന് പിന്മാറി പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. അതോടെ ഇറാന്റെ സമ്പദ്ഘടന വീണ്ടും പ്രതിസന്ധിയിലായി.

ആണവക്കരാറനുസരിച്ച് ഇറാന് സൂക്ഷിക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. 300 കിലോഗ്രാമിൽ കൂടുതൽ ആണവ ഇന്ധനം ഇറാൻ ശേഖരിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി ആവശ്യത്തിനുള്ള സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ എന്നാണ് കരാർ.