രാമനാട്ടുകര: മനസു നിറച്ച് കവിതയുടെ മധുരമാണെങ്കിലും അനാമികയ്‌ക്ക് അനുഭവം കയ്‌പുനീരാണ്. പതിനേഴു വയസിനിടെ എഴുത്തിനു കിട്ടിയത് ഇരുനൂറോളം പുരസ്‌കാരങ്ങൾ. അതൊക്കെയൊന്ന് സൂക്ഷിച്ചുവയ്ക്കാൻ പോലും ഇടമില്ല. പെയിന്റിംഗ് തൊഴിലാളിയാണ് അച്ഛൻ സജിത്ത്. അമ്മയും അനുജനുമുണ്ട്. ഒരു പഠനമുറി പണിയാൻ രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ രണ്ടുതവണ അപേക്ഷ കൊടുത്തു. സഹായത്തിന് അർഹമായ വിഭാഗത്തിലൊന്നും അനാമിക ഉൾപ്പെടുന്നില്ലെന്നു പറഞ്ഞ് അപേക്ഷ മടക്കി!
ഒ.എൻ.വിയുടെയും കക്കാടിന്റെയും കടത്തനാട്ട് മാധവിയമ്മയുടെയും പേരിലുള്ള അവാർഡുകൾ ഉൾപ്പെടെയുണ്ട് അനാമികയുടെ പേരു കൊത്തിയതായി. മുമ്പ് വീടിനടുത്തുള്ള മുസ്ലിംലീഗ് പ്രവർത്തകർ അനാമികയെ ഒരു അനുമോദനത്തിനു ക്ഷണിക്കാൻ വീട്ടിൽ വന്നു. അപ്പോഴാണ് പുരസ്കാരങ്ങൾ പലേടത്തായി ചിതറിക്കിടക്കുന്നതു കണ്ടത്. അവരുടെ നല്ല മനസുകൊണ്ട് ഒരു അലമാര കിട്ടി.
അനാമികയ്ക്ക് സഹായം അനുവദിക്കണമെങ്കിൽ ഒന്നുകിൽ അച്ഛൻ മരിച്ച കുട്ടിയായിരിക്കണം. അല്ലെങ്കിൽ രോഗിയാകണം. ഒറ്റക്കുട്ടിയാകണം. മാനദണ്ഡങ്ങളുടെ പരിധിക്കു പുറത്ത് സാഹയമില്ലാതെ നിൽക്കുന്നു, ഒറ്റവർഷത്തിനിടെ രണ്ടാംപതിപ്പിറങ്ങിയ ഊഞ്ഞാൽവീട് എന്ന പുസ്തകത്തിന്റെ യുവകവയിത്രി.
തിരുനല്ലൂർ കരുണാകരൻ പുരസ്കാരം, മുല്ലനേഴി കാവ്യപ്രതിഭാ പുരസ്കാരം, ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം, ഹാജാ മാസ്റ്റർ പുരസ്കാരം, കഥയ്ക്കുള്ള തകഴി സ്മാരക പുരസ്കാരം, ഡി.എം. പൊറ്റക്കാട് അവാർഡ്, അങ്കണം പുരസ്കാരം, രഥ്യ പുരസ്കാരം, നുറുങ്ങ് കഥാ പുരസ്കാരം, കൈരളി പുരസ്കാരം.... ഇതൊക്കെ അനാമികയുടെ പേരിലുണ്ട്. അക്ഷരങ്ങളുടെ അനുഗ്രഹമുണ്ടെങ്കിലും, വീട്ടിലെ അവസ്ഥ കാരണം വായിക്കാനോ ഇരുന്നു പഠിക്കാനോ നല്ലൊരു മുറി പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ് അനാമിക.
കരിങ്കല്ലായി വി.പി.എ.എൽ.പി സ്‌കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ശാരദടീച്ചറാണ് അനാമികയ്ക്ക് കവിതയോടുള്ള ഇഷ്ടം കണ്ടെത്തിയത്. മൂന്നിൽ പഠിക്കുമ്പോൾ ആദ്യകവിത പ്രമുഖ വാരികയുടെ ബാലപംക്തിയിൽ അച്ചടിച്ചുവന്നു. പിന്നെ തോരാത്ത എഴുത്തായിരുന്നു. കവിത മാത്രമല്ല, മനസു നിറയെ കഥകളും സൂക്ഷിക്കുന്ന അനാമികയുടെ 25 കഥകളടങ്ങിയ പേടി മിഠായി എന്ന സമാഹാരം ചിന്ത പബ്ലിഷേഴ്സ് ഉടനേ പുറത്തിറക്കും.
അമ്മ ഷീനയും അനുജൻ അരുൺജിത്തും പ്രോത്സാഹനവുമായുണ്ട്. ഫാറൂഖ് കോളേജിനടുത്ത് ചുള്ളിപ്പറമ്പ് കൊടക്കാടാണ് വീട്. പ്ളസ് ടു കഴിഞ്ഞു. എൻട്രൻസിനു തയ്യാറെടുക്കാൻ ദൂരെപ്പോയി ഹോസ്റ്റലിൽ താമസിച്ചു പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ആഗ്രഹം മാത്രം പോരല്ലോ. കഷ്ടപ്പെട്ടാണെങ്കിലും രാമനാട്ടുകരയിലെ ഒരു പരിശീലന കേന്ദ്രത്തിൽ എൻട്രൻസിനു തയ്യാറെടുക്കുന്നു, അനാമിക. മുനിസിപ്പാലിറ്റി നിരത്തുന്ന മാനദണ്ഡങ്ങളുടെ ചുവപ്പുനാടയില്ലാതെ സഹായിക്കാൻ അക്ഷരസ്നേഹികളാരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഈ കാവ്യപ്രതിഭ.