ചെന്നൈ: എൽ.ഐ.സി 2018-19 സാമ്പത്തിക വർഷം 5.68 ശതമാനം വളർച്ചയോടെ 1.42 ലക്ഷം കോടി രൂപയുടെ റെക്കാഡ് പുതു ബിസിനസ് പ്രീമിയം സ്വന്തമാക്കി. പെൻഷൻ ആൻഡ് ഗ്രൂപ്പ് സൂപ്പർ അന്വേഷൻ ബിസിനസിൽ 91,179.52 കോടി രൂപയാണ് പുതു ബിസിനസ് പ്രീമിയം. 10.11 ശതമാനമാണ് വർദ്ധന.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം പ്രീമിയം വരുമാനം തൊട്ടു മുൻവർഷത്തെ 3.17 ലക്ഷം കോടി രൂപയിൽ നിന്ന് 6.08 ശതമാനം വർദ്ധിച്ച് 3.37 ലക്ഷം കോടി രൂപയായി. വിവിധ പോളിസികളിലായി 2.50 ലക്ഷം കോടി രൂപ എൽ.ഐ.സി വിതരണം ചെയ്‌തു. 26.66 ശതമാനമാണ് വർദ്ധന. ഇതിൽ 1.36 ലക്ഷം കോടി രൂപ 2.54 കോടി വ്യക്തിഗത പോളിസികളിലായി നൽകിയതാണ്.
5.60 ലക്ഷം കോടി രൂപയാണ് എൽ.ഐ.സിയുടെ ആകെ വരുമാനം. വർദ്ധന 7.10 ശതമാനം. മൊത്തം ആസ്‌തി 9.38 ശതമാനം ഉയർന്ന് 31.11 ലക്ഷം കോടി രൂപയായി. ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനമാണ് എൽ.ഐ.സി. പോളിസികളുടെ എണ്ണത്തിൽ 74.71 ശതമാനവും ആദ്യവർഷ പ്രീമീയത്തിൽ 66.24 ശതമാനവും എൽ.ഐ.സിയുടെ വിഹിതമാണ്.