ന്യൂഡൽഹി: പാർലമെന്റ് യോഗത്തിലും ചർച്ചകളിലും കൃത്യമായി ഹാജരാകാത്ത ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരത്തിൽ പെരുമാറുന്ന പാർട്ടി എം.പിമാരെ കൃത്യമായി താനും ബി.ജെ.പിയും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നുള്ള സന്ദേശം നൽകികൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ശകാരം. ബി.ജെ.പി പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ബി.ജെ.പി എം.പിമാരിൽ ചിലർ പാർലമെന്റ് സമ്മേളനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിൽ താൻ പൂർണമായും അതൃപ്തനാണെന്നും മോദി എം.പിമാരെ ധരിപ്പിച്ചു. ബഡ്ജറ്റ് ചർച്ചയുടെ തുടക്ക ദിവസങ്ങളിൽ ഏതാനും ബി.ജെ.പി എം.പിമാർ പാർലമെന്റിൽ ഹാജരാകാത്തതിനെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തൽ.
'അമിത് ഷാ ഒരു റാലിക്ക് വരാമെന്ന് സമ്മതിച്ചിട്ട് അവസാന നിമിഷം വരാതിരുന്നാൽ നിങ്ങൾക്ക് എന്ത് തോന്നും?എന്താവും നിങ്ങൾക്ക് തോന്നുക? പറയൂ നിങ്ങൾക്ക് എന്ത് തോന്നും?' എം.പിമാരുടെ നേർക്ക് തിരിഞ്ഞ് മോദി വീണ്ടും വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു. 'നിങ്ങൾ രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമ്പോൾ നിങ്ങളുടെ ഉറ്റസുഹൃത്ത് നിങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് അറിഞ്ഞാൽ നിങ്ങൾ വിഷമമാകില്ലേ? നിങ്ങൾ പാർലമെന്റിൽ വരാതിരിക്കുമ്പോൾ എനിക്ക് അങ്ങനെയാണ് തോന്നുന്നത്.' മോദി തന്റെ ശകാരം തുടർന്നു.
പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാനാകാതെ വിഷമിച്ച എം.പിമാർ അങ്ങനെ സംഭവിച്ചാൽ തങ്ങൾ 'നിരാശരാകും' എന്ന് പിറുപിറുത്തു. മോദി ഈ പ്രശ്നം ചൂണ്ടിക്കാട്ടുന്നതിന് മുൻപ് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും പാർലമെന്റിലെ എം.പിമാരുടെ അഭാവത്തിലേക് ശ്രദ്ധ ക്ഷണിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് വിവാദമായ മുത്തലാഖ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ബി.ജെ.പി എം.പിമാർ ബിൽ ചർച്ചയിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ചായിരുന്നു പ്രഹ്ലാദ് ജോഷി പരാമർശിച്ചത്.