shashi-tharoor

ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ടിക് ടോക് ചെെനയ്ക്ക് ചോർത്തി നൽകുന്നുവെന്ന് ലോക്‌സഭ എം.പി ശശി തരൂർ. ലോക്സഭയിലെ ശൂന്യവേളയിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് സർക്കാർ സ്ഥാപനമായ ചൈന ടെലികോമിലൂടെ ടിക്‌ടോകിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ചോർത്തുകയാണെന്നാണ് ശശി തരൂരിന്റെ ആരോപണം. അമേരിക്കയിൽ കുട്ടികളുടെ വിവരങ്ങൾ ചോര്‍ത്തിയത് 5.7 മില്യണ്‍ ഡോളര്‍ ടിക്‌ടോകിന് പിഴ ചുമത്തിയെന്നും ശശി തരൂർ വ്യക്തമാക്കി.

എന്നാൽ തരൂരിന്റെ ആരോപണത്തിനെതിരെ ടിക് ടോക് രംഗത്ത് വന്നു. തരൂരിന്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഉപഭോക്താവിന്റെ സ്വകാര്യതയ്ക്ക് സുരക്ഷിതത്വത്തിനും ടിക് ടോക് മൂല്യം കൽപ്പിക്കുന്നുണ്ടെന്നും ടിക് ടോകിന്റെ പ്രസ്താവനയിൽ പറയുന്നു. ചെെനയിൽ ടിക് ടോക് പ്രവർത്തിക്കാത്തതിനാൽ അവിടുത്തെ സർക്കാരിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ലഭിക്കില്ലെന്നും ടിക് ടോക് വ്യക്തമാക്കി. എല്ലാ നിയമങ്ങൾക്കും വിധേയമാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ടിക് ടോക് പറഞ്ഞു.

നിയമവിരുദ്ധമായി ഞങ്ങൾ പ്രവർത്തിക്കുന്നില്ല. ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലെയും സിംഗപ്പൂരിലെയും ഈ മേഖലയിൽ പ്രഗത്ഭരായ ഡാറ്റ സെന്ററുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.