ac-milan

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോൾ ക്ളബ്ബുകളിൽ ഒന്നായ എ.സി മിലാന്റെ ഇന്റർനാഷണൽ അക്കാഡമി തലവൻ അലക്‌സാൻഡ്രോ ഗിയാനി കോഴിക്കോട്ടെത്തി. കാലിക്കട്ട് സ്‌പോർട്‌സ് സിറ്റി എൽ.എൽ.പിയുമായി ചേർന്ന് കേരളത്തിലെ അഞ്ചു മുതൽ 16 വയസുവരെ കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹമെത്തിയത്. കോഴിക്കോട് സ്‌പോർ‌ട്‌സ് കൗൺസിൽ പ്രസിഡന്റ് രാജഗോപാൽ പരിശീലന പരിപാടിയിൽ സംബന്ധിക്കും.

കുട്ടികൾക്ക് പരിശീലനം നൽകാനായി എ.സി. മിലാൻ ക്ളബ്ബിന്റെ ടെക്‌നിക്കൽ ഡയറക്‌ടറും വൈകാതെ ഇറ്റലിയിൽ നിന്ന് കേരളത്തിലെത്തും. ലയണൽ മെസി ഉൾപ്പെടെ ഒട്ടേറെ ലോകോത്തര താരങ്ങൾ ഫുട്‌ബോൾ സ്‌കൂളുകളിൽ നിന്നാണ് ഉയർന്നുവന്നതെന്നത്, പ്രൊഫഷണൽ ഫുട്‌ബോൾ അക്കാഡമിയുടെ പ്രാധാന്യമാണ് എടുത്തുകാട്ടുന്നത്. കക്ക, റൊണാൾഡീഞ്ഞോ, ഡേവിഡ് ബെക്കാം, പിയർലോ, മാൾഡിനി തുടങ്ങിയ ഇതിഹാസ താരങ്ങളെ ലോകത്തിന് സമ്മാനിച്ചത് എ.സി. മിലാൻ ക്ളബ്ബാണ്.

120 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള എ.സി. മിലാൻ, ആരാധകരുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാംസ്ഥാനത്താണ്. ഫുട്‌ബോൾ കളിക്കാനാഗ്രഹിക്കുന്ന അഞ്ചുവയസ് മുതലുള്ള കുട്ടികളുടെ വികസനമാണ് ക്ളബ്ബിന്റെ ലക്ഷ്യം. കോച്ചുകൾ, ഫിറ്റ്‌നസ് കോച്ചുകൾ, ടെക്‌നിക്കൽ കോ-ഓർഡിനേറ്റർമാർ, മാച്ച് അനലിസ്‌റ്റുകൾ, ഡോക്‌ടർമാർ, ഫിസിയോ തെറാപ്പിസ്‌റ്റുമാർ, സൈക്കോളജിസ്‌റ്റുകൾ, അദ്ധ്യാപകർ, ന്യൂട്രീഷനിസ്‌റ്റുകൾ തുടങ്ങിയവരുടെ സേവനം ക്ളബ്ബ് നൽകുന്നു.

സെപ്‌തംബർ മുതൽ കോഴിക്കോട്ട് പ്രൊജക്‌ട് ആരംഭിക്കാനാണ് തീരുമാനം. കോഴിക്കോടിന് പുറമേ കൊച്ചിയിലും മലപ്പുറത്തും ആദ്യഘട്ടത്തിൽ സെന്ററുകൾ തുടങ്ങാൻ പദ്ധതിയുണ്ട്. കാസർഗോഡ്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലേക്ക് അടുത്തവർഷം അക്കാഡമിയുടെ പ്രവർത്തനം വ്യാപിപ്പിക്കും. എ.സി. മിലാൻ ക്ളബ്ബിന്റെ മികവുറ്റ ഗുണഫലങ്ങൾ കേരളത്തിലെ കുട്ടികൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫോൺ: 95440 00821