colombo

കൊളംബോ: 2019 ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് ശ്രീലങ്കൻ പൊലീസ് മേധാവി ഇൻസ്പെക്ടർ ജനറൽ പുജിത് ജയസുന്ദരെയെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനൊപ്പം മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോയെയും ലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിൽ ആരാധനാലയങ്ങൾ, ആഡംബര ഹോട്ടലുകൾ തുടങ്ങി നിരവധിയിടങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കൻ അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് മേധാവി അടക്കമുള്ളവരെ അറസ്റ്റു ചെയ്തത്.

ചികിത്സയിൽ കഴിയവെയാണ് രാജ്യത്തെ സുരക്ഷാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരായ ഇരുവരുടെയും അറസ്റ്റ്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്താമെന്ന അറ്റോർണി ജനറലിന്റെ നിയമോപദേശത്തെ തുടർന്നാണ് അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ വീഴ്ചയിൽ പങ്കുള്ള മറ്റ് ഒമ്പത് പൊലീസുകാരുടെ വിവരങ്ങൾ കൂടി അറ്റോർണി ജനറൽ ആക്ടിംഗ് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ശ്രീലങ്കയിലെ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ നൽകിയ മുന്നറിയിപ്പുകളും ലങ്ക വേണ്ടവിധം പരിഗണിച്ചിരുന്നില്ല.