yogi-adityanath

ലക്‌നൗ: പിന്നാക്ക വിഭാഗങ്ങളെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താനുള്ള ഉത്തർ പ്രദേശ് സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര സർക്കാർ. ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം കാര്യങ്ങളിൽ നടപടി സ്വീകരിക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാർ ചന്ദ് ഗെലോട്ടാണ് ഇക്കാര്യം രാജ്യസഭയിൽ പറഞ്ഞത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബി.എസ്.പി എം.പി സതീഷ് ചന്ദ്ര മിശ്ര ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കൃത്യമായി നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഈ നടപടി സ്വീകരിക്കാനാകൂ എന്നും സംസ്ഥാന സർക്കാരിന് നിർബന്ധമാണെങ്കിൽ ഈ വിഷയം ചൂണ്ടിക്കാണിച്ച് കേന്ദ്ര സർക്കാരിന് അപേക്ഷ നൽകണമെന്നും ഗെലോട്ട് രാജ്യ സഭയിൽ വ്യക്തമാക്കി.

പിന്നാക്ക വിഭാഗത്തിൽ പെട്ട 17 ജാതിസമൂഹങ്ങളെ പട്ടികജാതിയിൽ പെടുത്താൻ നിർദ്ദേശിച്ചുകൊണ്ട് യോഗി ആദിത്യനാഥ് സർക്കാർ തീരുമാനമെടുത്തിരുന്നു. ജൂൺ 24നാണ് ഈ വിഭാഗങ്ങൾക്ക് പുതിയ ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തർ പ്രദേശ് സർക്കാർ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. കശ്യപ്, രാജ്ഭർ, ദിവാർ, ബിന്ദ്, കുമ്ഹർ, കഹാർ, കെവാത്, നിഷാദ്, ഭർ, മല്ലാ,പ്രജാപതി, ദിമാർ, ബതം, ടുർഹ, ഗോഡിയ, മാഞ്ചി, മച്ചുവ എന്നീ ജാതിയിൽ പെട്ടവരെയാണ് പട്ടികജാതിയിൽ പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിയുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നീക്കമാണ് ഉത്തർപ്രദേശ് സർക്കാരിന്റേത് എന്നാണ് വ്യാപകമായി വിമർശനം ഉയരുന്നത്. ഈ പിന്നാക്ക വിഭാഗങ്ങൾ ഏറെ നാളുകളായി തങ്ങളെ പട്ടിക ജാതിയിൽ പെടുത്തണമെന്നുള്ള ആവശ്യം ഉന്നയിക്കുകയാണ്.

ബി.എസ്.പി നേതാവ് മായാവതി ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമാകുന്നത്. ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നാണ് ജാതി വിഭജനം സംബന്ധിച്ചുളള ഭരണഘടനയിലെ ആർട്ടിക്കിൾ 341 ചൂണ്ടിക്കാണിച്ചുകൊണ്ട് മായാവതി പറഞ്ഞത്.