തിരുവനന്തപുരം: കവിത എഴുതാനോ കവികൾ പട്ടിണിയാൽ ചാവാൻ കിടന്നാലോ തിരിഞ്ഞ് നോക്കാത്ത സർക്കാരുകൾ അത്തരത്തിൽ രചിക്കപ്പെട്ട കൃതികളിൽ ഗവേഷണം നടത്താൻ പണം അനുവദിക്കുന്ന ഗതികെട്ട ലോകമാണിന്നത്തേതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടറും ഭാഷാവിദഗ്ദനും എഴുത്തുകാരനുമായ ഡോ. പി.പി.പ്രകാശൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഭാഷാസാഹിത്യപഠനം സൗന്ദര്യവും രാഷ്ട്രീയവും എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിനിടെ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കൃതികളിലുള്ള അപക്വമായ ഗവേഷണങ്ങളിൽ പൊറുതി മുട്ടിയാണ് ഇനി മേലാൽ പാഠ്യപദ്ധതിയിലും ഗവേഷണങ്ങൾക്കും തന്റെ കൃതികളെ ഉപയോഗിക്കാൻ പാടില്ലെന്ന് നിലപാടെടുത്തത്. സാഹിത്യമുണ്ടായത് തങ്ങൾക്ക് പഠിക്കാനും പഠിപ്പിക്കാനും വേണ്ടി മാത്രമാണെന്ന ധാരണ പല സാഹിത്യവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുണ്ട്.അത് തീർത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ പാഠ്യപദ്ധതി അടിമുടി മാറേണ്ടിയിരിക്കുന്നു. പത്ത് ശതമാനം മാർക്ക് നേടുന്നവന് 25 ശതമാനം മാർക്ക് കൂടി നൽകി ജയിപ്പിക്കുകയാണ് പതിവ്. കുട്ടികൾക്ക് അറിയാത്ത കാര്യം അറിയാമെന്ന് പറഞ്ഞ് സർട്ടിഫിക്കറ്റ് നൽതുന്ന രീതി ദയവായി നിർത്തലാക്കണം.അക്ഷരം തെറ്റിയാൽ ആശയം തെറ്റി . ആശയം തെറ്റിയാൽ ജീവിതം തെറ്റിയെന്നാണ്. അടിസ്ഥാന പാഠങ്ങളെങ്കിലും പകർന്ന് നൽകേണ്ടത് കുട്ടിയുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.