advt-jayasankar

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട രക്തസാക്ഷിത്വ വാർഷികത്തിൽ സി.പി.എമ്മിനെയും സർക്കാരിനെയും വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ രംഗത്ത്. രക്തസാക്ഷിത്വ വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. 'അഭിമന്യുവിന്റെ നെഞ്ചിൽ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അർജുനെ കുത്തിയവനും മുങ്ങി. രണ്ടുപേർക്കുമെതിരെ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും'. ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

അഭിമന്യുവിന്റെ കുടുംബസഹായ ഫണ്ടിൽ നിന്ന് പാർട്ടി ചെറിയ ഭാഗം കുടുംബത്തിന് നൽകി ബാക്കി രണ്ടരക്കോടി ഉപയോഗിച്ച് ഗംഭീര സ്മാരകം പണിയാൻ പോകുന്നുകയാണെന്നും ജയശങ്കർ പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വർഗീയത തുലയട്ടെ !
വിപ്ലവം ജയിക്കട്ടെ !!

സഖാവ് അഭിമന്യുവിൻ്റെ രക്തസാക്ഷിത്വ വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്; എസ്എഫ്ഐയും മാർക്സിസ്റ്റ് പാർട്ടിയും ചെയ്യാവുന്നതൊക്കെ ചെയ്തു എന്ന കൃതാർത്ഥതയോടെ.

അഭിമന്യുവിൻ്റെ കുടുംബസഹായ ഫണ്ടിൽ 3കോടി 10ലക്ഷം രൂപ പിരിഞ്ഞു. അതിന്റെ ചെറിയൊരു ഭാഗം കൊണ്ട് വട്ടവടയിൽ 10സെന്റ് സ്ഥലം വാങ്ങി വീടു പണിയിച്ചു കൊടുത്തു, സഹോദരിയുടെ കല്യാണം നടത്തി, സഹോദരന് ജോലി കൊടുത്തു, മാതാപിതാക്കൾക്കളുടെ പേരിൽ 25 ലക്ഷം നിക്ഷേപിച്ചു. ബാക്കി വരുന്ന രണ്ടരക്കോടി ഉപയോഗിച്ച് ഗംഭീര സ്മാരകം പണിയാൻ പോകുന്നു.

നമ്മുടെ പോലീസ് ശുഷ്‌കാന്തിയോടെ കേസ് അന്വേഷണം പൂർത്തീകരിച്ചു. 16 പ്രതികൾക്കെതിരെ കുറ്റപത്രം കൊടുത്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ ഉടൻ ആരംഭിക്കും.

അഭിമന്യുവിൻ്റെ നെഞ്ചിൽ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അർജുനെ കുത്തിയവനും മുങ്ങി. രണ്ടുപേർക്കുമെതിരെ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും. ഇനി ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും.

വർഗീയതയെ നമ്മൾ മേലാലും ചെറുക്കും, എതിർത്തു തോല്പിക്കും. കഴിവതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമർശിക്കാൻ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കും.

രക്തസാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ