ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാജസ്ഥാനിൽ നിന്ന് രാജ്യസഭ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചതായി പാർട്ടിയോട് അടുത്ത വൃത്തങ്ങൾ. ബി.ജെ.പി പ്രസിഡന്റ് മദൻ ലാൽ സായ്നി മരണപ്പെട്ടതിനെ തുടർന്ന് സീറ്റ് ഒഴിവ് വന്നിരുന്നു. ഈ സീറ്റിലേയ്ക്കാണ് മൻമോഹൻ മത്സരിക്കുന്നത്. മൻമോഹനാണ് മത്സരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഒൗദ്യോഗിക അറിയിപ്പ് പുറത്തുവന്നതിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂ. മൻമോഹനെ സ്ഥാനാർത്ഥി ആക്കുന്നതിനെ കുറിച്ച് ചർച്ച നടന്നതായി രാജസ്ഥാനിലെ ഒരു മന്ത്രിയും വെളിപ്പെടുത്തിയിട്ടുണ്ട്.