തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയത് വാഹനം അമിത വേഗത്തിൽ ഓടിച്ചതെന്ന് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പും കാറിന്റെ നിർമാതാക്കളും സംയുക്തമായി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കാർ മരത്തിലിടിക്കുമ്പോൾ 100 മീറ്റർ വേഗതയിലായിരുന്നു വാഹനമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അപകടത്തിന് തൊട്ടുമുൻപുവരെ 100 മുതൽ 120 വരെയായിരുന്നു കാറിന്റെ വേഗമെന്നാണ് കാർ കമ്പനിയുടെയും മോട്ടോർ വാഹനവകുപ്പിന്റേയും നിഗമനം. ഈ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
വാഹനാപകടം പുനരാവിഷ്ക്കരിച്ചും മറ്റ് പരിശോധനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് റിപ്പോർട്ട് തയാറാക്കിയത്. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് വച്ച് നടന്ന അപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താൻ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും കണ്ടെടുത്ത മുടിയും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ബാലഭാസ്കറിന്റെ മരണവും സ്വർണക്കടത്തുമായി ബന്ധപ്പെടുത്താൻ പര്യാപ്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാലഭാസ്‌ക്കർ സംഭവസ്ഥലത്ത് വച്ചും ബാലഭാസ്‌ക്കർ പിറ്റേന്ന് ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും പിന്നീട് അപകടനില തരണം ചെയ്യുകയായിരുന്നു. ഇപ്പോൾ ലക്ഷ്മി വിശ്രമത്തിലാണ്.