പൂഞ്ഞാർ: ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ എൻ.ഡി.എ വിടാൻ താൻ മടിക്കില്ളെന്ന് മുന്നറിയിപ്പ് നൽകി പി.സി ജോർജ്ജ്. കോട്ടയത്ത് തന്റെ പാർട്ടിയായ കേരള ജനപക്ഷം സെക്കുലറിന്റെ പാർട്ടി ഭാരവാഹി തിരഞ്ഞെടുപ്പിൽ സംസാരിക്കുകയായിരുന്നു പി.സി ജോർജ്ജ് എം.എൽ.എ.
പാവപെട്ടവരുടേയും കർഷകരുടേയും ആവശ്യങ്ങൾ അംഗീകരിക്കാൻ ബി.ജെ.പി തയാറാകണമെന്നാണ് പി.സി.ജോർജ്ജ് ആവശ്യപ്പെട്ടത്. ഇതുകൂടാതെ ന്യൂനപക്ഷങ്ങളെയും ബി.ജെ.പി പരിഗണിക്കണമെന്നും പി.സി ജോർജ്ജ് പറഞ്ഞു.
ഇ.കെ ഹസ്സൻകുട്ടിയെയാണ് കേരള ജനപക്ഷം സെക്കുലറിന്റെ ചെയർമാനായി തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ പി.സി ജോർജ്ജിന്റെ മകനായ ഷോൺ ജോർജ്ജാണ് ഈ പദവി അലങ്കരിച്ചിരുന്നത്. ഷോൺ ഈ സ്ഥാനത്ത് നിന്നും ഒഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. 2017 ഫെബ്രുവരിയിലാണ് കേരള ജനപക്ഷം പാർട്ടിക്ക് പി.സി ജോർജ്ജ് എം.എൽ.എ രൂപം നൽകിയത്.
ഈ വർഷം ഏപ്രിലിലാണ് പാർട്ടി എൻ.ഡി.എയുടെ കൂടെ ചേരുന്നത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് താൻ എൻ.ഡി.എയുടെ ഭാഗമാകുന്നത് എന്നാണ് പി.സി ജോർജ്ജ് പറഞ്ഞിരുന്നത്. പാർട്ടി എൻ.ഡി.യോടൊപ്പം ചേരുന്നതിൽ അംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ചർച്ച ചെയ്ത് പരിഹരിച്ചിരുന്നുവെന്നും പി.സി ജോർജ്ജ് പറഞ്ഞിരുന്നു.