ramya-haridas

ന്യൂഡൽഹി: തന്റെ പേര് തെറ്റി വിളിച്ച സ്പീക്കറെ തിരുത്തി ആലത്തൂർ എം.പി രമ്യ ഹരിദാസ്. പാർലമെന്റിലെ ശൂന്യവേളാ സമയത്താണ് രമ്യ ഹരിദാസിന്റെ പേര് സ്പീക്കർ തെറ്റായി ഉച്ചരിച്ചത്. ഉടൻ തന്നെ രാമയ്യ അല്ല, രമ്യ എന്നാണ് തന്റെ പേരെന്ന് പറഞ്ഞുകൊണ്ട് ആലത്തൂർ എം.പി സ്പീക്കർ ഓം ബിർളയെ തിരുത്തുകയായിരുന്നു.

സ്പീക്കറുടെ തെറ്റായ ഉച്ചാരണം സഭയിലാകെ ചിരി പടർത്തുകയും മറ്റ് സഭാ അംഗങ്ങൾ കൂടി സ്പീക്കറെ തിരുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ സ്പീക്കറുടെ മുഖത്തും ചിരി പടർന്നു. 'രാമയ്യ' എന്ന് വീണ്ടും ഉച്ചരിക്കാൻ തുനിഞ്ഞ സ്പീക്കർ സ്വയം തിരുത്തുകയും രമ്യ ഹരിദാസ് ആദ്യമായാണ് സഭയിൽ സംസാരിക്കുന്നതെന്ന് പറയുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് രമ്യ ഹരിദാസ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് തനിക്ക് അറിയാമെന്ന് സ്പീക്കർ സഭയെ അറിയിക്കുകയും ചെയ്തു. ആലത്തൂരിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങളാണ് തന്റെ കന്നി അവസരത്തിൽ രമ്യ സഭയോട് സംസാരിച്ചത്.