accident-death

കോട്ടയം: കോട്ടയം കുറുവിലങ്ങാട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്ന യുവാവ് മതിയായ ചികിത്സ കിട്ടാതെ ചോരവാർന്ന് മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശി റോണി ജോയിയാണ് മരിച്ചത്. അപകടത്തിൽ പെട്ട യുവാവിനെ പൊലീസ് തിരി‌ഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്. പൊലീസ് വാഹനം സംഭവസ്ഥലത്തെത്തിയെങ്കിലും യുവാവിനെ അതിൽ കയറ്റാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു.

കുറുവിലങ്ങാട് വെമ്പള്ളിയിൽ കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടറിൽ വന്ന റോണി ജോയിയെ മറ്റൊരു വാഹനം ഇടിക്കുന്നത്. അപ്പോൾ ഇത് വഴി വന്ന തൃശൂർ എ.ആർ ക്യാമ്പിലെ വാഹനം നാട്ടുകാർ കൈകാണിച്ച് നിറുത്തി. ഇയാളെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞെങ്കിലും പൊലീസുകാർ ഇതിന് തയ്യാറായില്ല. വാഹനാപകടത്തിൽ പരിക്കേറ്റ് ഇരുപത് മിനിട്ടോളം യുവാവ് റോഡിൽ കിടന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച നാട്ടുകാരോട് പൊലീസ് ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.