ഇടുക്കി : 2014ൽ നഷ്ടമായ ഇടുക്കി ലോക്സഭാ മണ്ഡലം ചരിത്രത്തിലെ വൻ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ച് കോൺഗ്രസിന് നൽകിയ യുവതുർക്കിയാണ് ഡീൻ കുര്യാക്കോസ്. പാർട്ടി നേതൃത്വം പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ഡീൻ സ്വന്തമാക്കിയത്. അതേ സമയം പാർലമെന്റിൽ ഡീൻ കുര്യാക്കോസിന് മറ്റൊരു വിശേഷണം കൂടിയുണ്ട്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള എം.പി. പൊതുവെ സൗമ്യനായ ഡീനിന്റെ പേരിലാണ് ഈ വിശേഷണം, പെരിയയിൽ രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരിലുള്ള കേസുകളാണ് ഇതിൽ ഭൂരിപക്ഷവും. ഡൽഹിയിലെത്തിയപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലടക്കം ഈ വാർത്ത വന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റ് പാർട്ടിക്കാരായ ചിലർ ഇതേ കുറിച്ച് ചോദിച്ചിരുന്നതായി കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നു. എന്റെ രണ്ട് സഹപ്രവർത്തകരെ അരുംകൊല ചെയ്തപ്പോൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പേരിലുള്ള കേസുകളാണ് ഇതെന്ന് സാഹചര്യമടക്കം വിവരിച്ചു നൽകി. ഹർത്താലിന്റെ പേരിലുള്ള കേസുകൾ ഏറ്റെടുക്കാൻ തയാറാണ്. എന്നാൽ അക്രമങ്ങൾ നടന്നെന്ന പേരിലെടുത്തത് മുഴുവൻ കള്ളക്കേസാണെന്നും കേരളം കണ്ട ഏറ്റവും സമാധാനപരമായ ഹർത്താലായിരുന്നു നടന്നതെന്നും ഡീൻ സാക്ഷ്യപ്പെടുത്തുന്നു.
ഹർത്താൽ ദിവസം അക്രമസംഭവങ്ങളുണ്ടായി എന്നതിന്റെ പേരിൽ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെയും നിർദ്ദേശമനുസരിച്ച് എടുത്തിട്ടുള്ള കേസുകളെല്ലാം കള്ളക്കേസുകളാണ്. അതിനാൽ തന്നെ ഈ കേസുകളിൽ ജാമ്യമെടുക്കാൻ ഉദ്ദേശിക്കുന്നില്ല . കേസ് ചാർജ്ജ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് പോലുമറിയാം ഞാൻ കുറ്റക്കാരനല്ലെന്ന്. കുറ്റവാളിയല്ലാത്ത എന്നെ അറസ്റ്റ് ചെയ്യാൻ ഏത് പൊലീസുകാരനാണ് ധൈര്യം? ഹൈക്കോടതിയിൽ ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയർത്തും. അതേസമയം ഹർത്താലിനെതിരെ ഒരക്ഷരം മിണ്ടാൻ യോഗ്യതയില്ലാത്ത പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു