ബാങ്കോക്ക്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് വരന്യ നഗത്താവെ എന്ന ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ബാങ്കോക്കിലെ രാജാവിതി ആശുപത്രിയിലെ ഡോക്ടറായുള്ള തന്റെ ആദ്യ ദിവസത്തെ അനുഭവമാണ് വരന്യ പങ്കുവെച്ചിരിക്കുന്നത്. ജൂൺ 24 തിങ്കളാഴ്ച രണ്ട് ദിവസമായി ചെവി വേദനയാണെന്ന് പറഞ്ഞ് ഒരു രോഗി ഡോക്ടറെ കാണാനെത്തി. പരിശോധനയിൽ ജീവനോടെയുള്ള ഒരു പല്ലിയെയാണ് ചെവിയിൽ കണ്ടത്.
ഈ പല്ലിയുടെ അനക്കമായിരുന്നു രോഗിക്ക് വേദനയായി അനുഭവപ്പെട്ടത്. തുടർന്ന് അനസ്തേഷ്യ തുള്ളി ഇറ്റിച്ച് ചെവിയിൽ നിന്ന് പല്ലിയെ ജീവനോടെ പുറത്തെടുത്തു. അതേസമയം രണ്ട് ദിവസം പല്ലി കിടന്നിട്ടും രോഗിയുടെ ചെവിക്ക് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പല്ലിയുടെ ചിത്രം ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ചെവിയുടെ ചെറിയ ദ്വാരത്തിലൂടെ എങ്ങനെ പല്ലി കയറിയെന്ന ആശയക്കുഴപ്പത്തിലാണ് താനെന്നും ഡോക്ടർ കുറിച്ചു. തായ്ലാന്റിൽ ജിങ്-ജോക്ക് എന്ന പേരിലറിയപ്പെടുന്ന പല്ലിയാണ് രോഗിയുടെ ചെവിയിൽ കയറിയതെന്നാണ് റിപ്പോർട്ട്.