കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ ജലപാതയിലൂടെ ഗതാഗതം 2020 ൽ സാദ്ധ്യമാകും എന്ന വിശ്വാസത്തിലാണ് പദ്ധതി നടത്തിപ്പുകാർ. കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ജലപാത ഏകദേശം പൂർത്തിയായി. വീതിയും ആഴവും കൂട്ടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം കൊല്ലം പട്ടണത്തിലൂടെ പോകുന്ന പത്തു കിലോമീറ്റർ പ്രദേശത്ത് പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. കായംകുളം കായലിലുണ്ടായിരുന്ന ചീനവലകളും മാറ്റി. ജലപാതക്കാരും ഇറിഗേഷൻകാരും ഇപ്പോഴാണറിയുന്നത് തൃക്കുന്നപ്പുഴ പാലത്തിനു കീഴിലുള്ള ലോക്ക് ഗേറ്റിന് വീതി കുറവാണെന്നും, പാലത്തിന് ഉയരം കൂട്ടണമെന്നും.
മൺസൂണിന് മുൻപ് പാലം പൊളിച്ചു പണിയുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും പൈലടി നടക്കുകയാണ്. പാലം പണിത് വീതി കൂട്ടിയിരുന്നെങ്കിൽ കൊച്ചിയിൽ നിന്നും ബാർജുകൾ വഴി ചരക്ക് കൊണ്ടുപോകാമായിരുന്നു. ആറുവർഷം മുൻപ് പണിത പത്ത് ടെർമിനലുകളും മറ്റ് സജ്ജീകരണങ്ങളും പഴകിക്കഴിഞ്ഞു. ഈ ടെർമിനലുകളിലൂടെ ഇരുമ്പും സിമന്റും മറ്റ് സാധനങ്ങളും കണ്ടെയ്നറുകളിൽ ബാർജുകൾ വഴി കൊണ്ടുവന്നിരുന്നങ്കിൽ ജലപാത പ്രവർത്തനമാരംഭിച്ചേനെ. ഈ ടെർമിനലുകളെല്ലാം എൻ.എച്ച്. 66 ലേക്കും ,എം സി റോഡിലേക്കും കണക്ഷനുള്ളവയാണ്. ടെർമിനലുകളിൽ ഹൈപവർ വൈദ്യുതിയും ക്രെയിനുകളും സജ്ജീകരിച്ചിട്ടില്ല. ഇതും പൂർത്തിയാക്കി തൃക്കുന്നപ്പുഴപ്പാലവും ശരിയായിക്കഴിയുമ്പോൾ ചരക്ക് ഗതാഗതം നടത്താം.
ചരക്ക് ഗതാഗതം ജലപാതയിലൂടെയാക്കാൻ നിയമം കൊണ്ടുവരണം. ചരക്കു ഗതാഗതം ജലപാതയിലൂടെയാക്കി റോഡിലൂടെയുള്ള ചരക്കുഗതാഗതം നിയന്ത്രിക്കാം.
വർക്കല തിരുവനന്തപുരം പാതയ്ക്കാണ് പദ്ധതിയിൽ ഏറ്റവും കൂടുതൽ പണം ആവശ്യമായി വരുന്നത്. വർക്കല മുതൽ തിരുവനന്തപുരം വരെ എത്തണമെങ്കിൽ രണ്ട് തുരപ്പുകൾ കടന്നു പോകണം. ഇരുവശങ്ങളിലും താമസിക്കുന്ന കുടികിടപ്പുകാർ എതിർപ്പ് തുടങ്ങിയതിനാൽ ഇവിടെ പണി നിലച്ചിരിക്കുകയായിരുന്നു. രണ്ട് തുരങ്കങ്ങളും വൃത്തിയാക്കി ആഴം കൂട്ടി ഗതാഗത യോഗ്യമാക്കണമെങ്കിൽ 400 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. നൂറുപേർ നേരത്തെ തന്നെ സർക്കാർ ഭവനപദ്ധതികളിൽ വീട് ലഭിച്ചവരാണ്. ഇവരെ കൂടാതെ രേഖകളില്ലാത്തവരുണ്ട്. ഇവരെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തണം. 2020 നു മുൻപ് ഇത് നടക്കുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതൽ വടക്കോട്ടുള്ള കനാൽ വൃത്തിയാക്കി വരുന്നുണ്ട്. പാർവതീ പുത്തനാറിലും പണി നടക്കുന്നു. അവിടെയും പുനരധിവാസ പ്രശ്നമുണ്ട്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയും കൂട്ടി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റുകാർ തുരങ്കത്തിന്റെ വാതിൽ വരെ എത്തിയതാണ്. അവിടെ വരെ വൃത്തിയാക്കി. തുടർന്ന് വന്ന സർക്കാരും ഈ വഴിയുള്ള യാത്ര വിട്ടുകളഞ്ഞു. കനാൽ മുഴുവൻ മരങ്ങളും മണ്ണും കൊണ്ട് നിറഞ്ഞു. ഈ മന്ത്രിസഭയുടെ കാലാവധി അവസാനിക്കും മുൻപ് ടണലിലൂടെ ബോട്ട് എങ്കിലും ഓടുമോ? ചരക്കു വാഹനങ്ങൾ പോയില്ലെങ്കിലും പുരവഞ്ചികളും ബോട്ടുകളും തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് ചീഫ് എൻജിനിയർ പറയുന്നത്. ജലപാതയുടെ പൂർണ ചുമതല കൊച്ചിൻ വിമാനത്താവള പദ്ധതി മേധാവി കുര്യനെ ഏല്പിച്ചിരിക്കുകയാണ് . മലബാർ മേഖലയിലും ജലപാത പ്രവർത്തനം വേഗത്തിൽ നടക്കുന്നുണ്ട്. അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നപ്പോൾ ടൂറിസം വികസനത്തിനായി നല്ലൊരു തുക നൽകി . ചരക്ക് ഗതാഗതമായിരുന്നില്ല, ടൂറിസം വികസിപ്പിക്കലായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെയും ലക്ഷ്യം.
ശിവഗിരി പാക്കേജ്
വർക്കലയും ശിവഗിരിയുമായി ബന്ധപ്പെടുത്തി ശിവഗിരി പാക്കേജിനെയും ടൂറിസത്തിൽ ഉൾപ്പെടുത്തി വർക്കല ടൂറിസവും വികസിപ്പിക്കാൻ ശ്രമമുണ്ട്. ടൂറിസം, ജലഗതാഗതം, വാണിജ്യം, പൊതുമരാമത്ത് വകുപ്പുകൾ യോജിച്ചു പ്രവർത്തിച്ചാൽ ഒരുപക്ഷേ പുരവഞ്ചികളും 10 കിലോമീറ്റർ വേഗത്തിൽ പോകുന്ന 200 മെട്രിക് ടൺ കേവ് ഭാരമുള്ള ബാർജുകളും തിരുവനന്തപുരം വരെ എത്തിക്കാൻ കഴിയും400 മെട്രിക് ടൺ ശേഷിയുള്ളത് വർക്കല വരെയും കാസർകോട്ടും കോട്ടയത്തും എത്തിക്കാൻ കഴിയും. ഗോവയിൽ നിന്ന് മംഗലാപുരത്തേക്ക് ചരക്ക് ലോറികൾ ട്രെയിനിൽ കയറ്റി കൊണ്ടു പോകുന്നത് പോലെ ചരക്കു കയറ്റിയ ലോറികൾ ബാർജുകളിൽ ജലമാർഗം കൊല്ലം വരെയും കാസർകോട് വരെയും കൊണ്ടുപോയി അവിടെനിന്നും നിശ്ചിതസ്ഥലങ്ങളിലെത്തിച്ചാൽ കയറ്റിറക്ക് ചെലവും ദേശീയപാതയിലെ തിരക്കും കുറയ്ക്കാൻ കഴിയും.
വർക്കല തുരപ്പിലൂടെ വലിയ പുരവഞ്ചികളും ബാർജുകളും കൊണ്ടുപോകാൻ മാർഗമില്ലാത്തതിനാൽ പുതിയ തുരങ്കമുണ്ടാക്കേണ്ടി വരും. കൊങ്കൺ റയിൽവേയുടെ തുരങ്കങ്ങൾ പണിയാൻ നേതൃത്വം വഹിച്ച ഇ. ശ്രീധരനുമായി ചർച്ച നടത്തുകയും സാദ്ധ്യതാ പഠനങ്ങൾ നടത്തുകയും ചെയ്യുന്നു എന്നാണറിയുന്നത്. നിശ്ചയദാർഢ്യമാണ് പദ്ധതിയുടെ വിജയത്തിനാവശ്യം. ഇല്ലെങ്കിൽ 2020 ൽ വർക്കല വരെ മാത്രമാകും യാത്ര.
ലേഖകന്റെ ഫോൺ : 9447057788