നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് ഇസഹാക്ക് ജനിക്കുന്നത്. മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളാൽ സമ്പന്നമായിരുന്നു കാത്തിരുന്ന് കിട്ടിയ കൺമണിയുടെ മാമോദിസ. ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രിയ കുഞ്ചാക്കോയുടെ അനാർക്കലിയായിരുന്നു. വസ്ത്രത്തിന്റെ ഡിസൈനിംഗിന്റെ മേന്മയാണ് കൂടുതലാളുകളും ശ്രദ്ധിച്ചത്. അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്,ആ അനാർക്കലിയിൽ കൊത്തിവെച്ച വാചകങ്ങൾ.
'ഈ സുന്ദര സുദിനം നിന്റെ ജീവിതത്തിലെ ആത്മീയ യാത്രയുടെ ആരംഭമാണ്. പതിനാല് വർഷത്തെ കാത്തിരിപ്പ്. നീയാണ് ഞങ്ങളുടെ പ്രാർഥനയ്ക്കുള്ള മറുപടി മാലാഖക്കുഞ്ഞേ, ദൈവം നിനക്ക് എല്ലാ സന്തോഷങ്ങളും നൽകട്ടെ, അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു ഇസ.'
പ്രിയയ്ക്കും ചാക്കോച്ചനും ഇസഹാക്കിനോട് പറയാനുണ്ടായിരുന്ന വാചകങ്ങളായിരുന്നു അത്. ഡിസൈൻമാരായ 'മരിയ ടി മരിയമാരുടെ' അമരക്കാരി ടിയ ഒരു പ്രമുഖമാദ്ധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിയ ഏറ്റവും ഡിമാന്റ് ചെയ്ത ഒരു കാര്യം മെറ്റീരിയലിൽ തുന്നിവെയ്‌ക്കേണ്ട ഈ സന്ദേശത്തെക്കുറിച്ചായിരുന്നെന്നും ടിയ പറഞ്ഞു.