red

''ഹേമേ... നീ ഇത് എന്ത് ഭാവിച്ചാ?"

സുരേഷ് കിടാവ്, ഹേമലതയുടെ മുഖത്തേക്കും പെട്ടിയിലേക്കും മാറിമാറി നോക്കി.

''ഞാൻ എന്റെ വീട്ടിൽ പോകുന്നു." അവളുടെ മുഖം കല്ലിച്ചു. ''ഇനി ഇങ്ങോട്ട് ഒരു മടങ്ങിവരവ് ഉണ്ടാവില്ല. പോകുന്ന വഴിക്ക് കുട്ടികളെയും ഞാൻ സ്കൂളിൽ പോയി ഒപ്പം കൂട്ടും."

സുരേഷ് കിടാവ് ശരിക്കും പതറി.

സ്‌ത്രീ വിഷയങ്ങൾ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഭാര്യ ഒപ്പം നിൽക്കുന്നതാണ് ഏറ്റവും ശക്തിയെന്ന് അവനറിയാം. കേരള രാഷ്ട്രീയത്തിൽ അത്തരം എത്ര സംഭവങ്ങൾ ഉണ്ടായിരിക്കുന്നു?

അന്ന് ഓരോരുത്തരും രക്ഷപെട്ടത് ഭാര്യമാർ വിശ്വാസം നടിച്ച് കൂടെ നിന്നതുകൊണ്ടാണ്.

''ഹേമേ..."

സുരേഷ് പിന്നെയും എന്തോ പറയുവാൻ ഭാവിച്ചു.

''വേണ്ടാ." ഹേമലത കൈ ഉയർത്തി. ''നിങ്ങൾക്കിനി ഡെൽഹിക്കു പോയി ബാറിലെ ആ അഴിഞ്ഞാട്ടക്കാരിയും കുട്ടികളുമായി എങ്ങനെ വേണമെങ്കിലും ജീവിക്കാം."

സുരേഷ് പെട്ടെന്ന് അവളുടെ മുന്നിൽ കയറിനിന്നു.

''ഞാൻ പറയുന്നതെങ്കിലും നീ ഒന്നു കേൾക്ക്. എനിക്ക് ആ സ്ത്രീയെ അറിയാമെന്നുള്ളത് സത്യമാ. ദുബായിലെ നമ്മുടെ ഡാൻസ് ബാറിൽ അവൾ ജോലിക്കു നിന്നിരുന്നതും സത്യം. അന്ന് അവൾക്കു ശമ്പളക്കുടിശ്ശിക കുറെ കൊടുക്കാനുണ്ടായിരുന്നു. അതിന്റെ പക പോക്കുകയാണിപ്പോൾ അവൾ."

ഹേമലത പുച്ഛഭാവത്തിൽ ചിരിച്ചു.

''നിങ്ങളുടെ ചരിത്രങ്ങളൊക്കെ എനിക്കറിയാം. നിങ്ങൾ ഡിഗ്രിക്കു പഠിക്കുന്ന കാലം മുതൽ ഒരു മാസത്തിൽ കൂടുതൽ ഒരു വേലക്കാരിയും നിങ്ങളുടെ വീട്ടിൽ ജോലി ചെയ്യില്ലായിരുന്നു. അതിന്റെ കാരണം ഞാൻ പറയണോ?"

മുഖത്ത് മീൻവെള്ളം വീണതുപോലെ സുരേഷ് കിടാവ് വിളറി.

അവൾ തുടർന്നു:

'' ഒരു കാര്യത്തിലേ എനിക്കിപ്പോൾ സംശയമുള്ളു. അച്ഛന്റെ ശല്യം എത്രപേർക്കുണ്ടായി, മകന്റെ ദ്രോഹം എത്രയാൾക്ക് ഉണ്ടായിയെന്ന്."

''ഹേമേ..." സുരേഷ് കിടാവിന്റെ സ്വരം വല്ലാതെ ഉയർന്നു.

പക്ഷേ ഹേമലത പതറിയില്ല. അവൾ തർക്കിച്ചു:

''മീ ടൂ പോലെയുള്ളതോ അതല്ലെങ്കിൽ വാട്സ് ആപ്പു പോലെയുള്ളതോ ആയ മാദ്ധ്യമ പ്രചാരണം അന്ന് ഇന്നത്തേതുപോലെ ഉണ്ടായിരുന്നെങ്കിൽ അച്ഛനും മകനും പോയി കിടന്നേനെ, ഒരേ ജയിലിൽ. ചിലപ്പോൾ ഒരേ സെല്ലിൽത്തന്നെ.."

ഹേമലതയോട് ഇനി എന്തു പറയണമെന്ന് അറിയില്ലായിരുന്നു സുരേഷിന്.

അവനെ കടന്ന് അവൾ പുറത്തിറങ്ങി. പോർച്ചിൽ കിടന്നിരുന്ന വാഗൺ -ആർ കാറിന്റെ ഡിക്കിയിലേക്ക് പെട്ടിവച്ചു.

പിന്നെ ഡോർ തുറന്ന് ഡ്രൈവർ സീറ്റിലേക്കു കയറാൻ ഭാവിച്ചതും പിന്നിൽ ഒരു കാർ വന്ന് ബ്രേക്കിട്ടു.

ഹേമലത തല തിരിച്ചുനോക്കി. കാറിൽ നിന്ന് എം.എൽ.എ ശ്രീനിവാസ കിടാവും അനുജൻ ശേഖര കിടാവും ഇറങ്ങി.

അവർ പരസ്പരം നോക്കി കണ്ണുകൾ കൊണ്ട് സംസാരിച്ചു.

''മോളെങ്ങോട്ടാ?"

ഒന്നും അറിയാത്തതുപോലെ ശ്രീനിവാസ കിടാവ് നടിച്ചു.

''അങ്കിൾ...."

പെട്ടെന്ന് ഹേമലതയുടെ കണ്ണുകൾ നിറഞ്ഞുതൂവി.

കിടാവ് അവളുടെ തൊട്ടടുത്തെത്തി.

''പറ. മോള് എവിടെ പോകുകയാ?"

ചുരിദാറിന്റെ ഷാൾത്തുമ്പുകൊണ്ട് അവൾ കണ്ണുകൾ ഒപ്പി.

''മടുത്തു അങ്കിൾ.. ഇങ്ങനെ നാണക്കേട് കേട്ട് ഇനി എനിക്ക് സുരേഷിന്റെ കൂടെ ജീവിക്കാൻ വയ്യ. പോകുവാ... എന്റെ മക്കളേം കൊണ്ട് എന്റെ വീട്ടിലേക്ക്."

''ഹേമ മോളേ..."

ശേഖര കിടാവ് പെട്ടെന്ന് ഇടപെട്ടു.

''ഈ അവസരത്തിൽ മോള് പോയാൽ കേട്ടതൊക്കെ സത്യമെന്ന് ജനം കരുതും."

''അപ്പോൾ കള്ളമാണെന്നാണോ ചിറ്റപ്പൻ പറയുന്നത്?"

ശേഖര കിടാവ് ഒന്നു പരുങ്ങി.

''രാഷ്ട്രീയത്തിൽ ഞങ്ങൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട് എന്ന് മോൾക്ക് അറിയാമല്ലോ. അവർ ആരെങ്കിലും കരുതിക്കൂട്ടി ഇങ്ങനെ ചെയ്യിച്ചതാണെങ്കിലോ? ഏതായാലും സത്യം തിരിച്ചറിയുന്നതു വരെ മോള് ഇവിടെ നിൽക്കണമെന്നാണ് എന്റെ അഭിപ്രായം."

ശേഖര കിടാവ് ഒന്നു നിർത്തി:

''ഇനി കേട്ടത് ശരിയാണെങ്കിൽ ഞാൻ തന്നെ മോളെ വീട്ടിൽ കൊണ്ടാക്കാം. ആരൊക്കെ എതിർത്താലും. എന്താ?"

പെട്ടെന്ന് ഒരുത്തരം നൽകാൻ കഴിഞ്ഞില്ല ഹേമലതയ്ക്ക്.

**** *** *****

വാർത്ത വന്നതോടെ നിലമ്പൂരിൽ എം.എൽ.എ ശ്രീനിവാസ കിടാവിനും മകനും എതിരെ രൂക്ഷമായ പ്രതിഷേധം ഉണ്ടായി.

നിലമ്പൂർ ടൗണിൽ ശ്രീനിവാസ കിടാവിന്റെ കോലം കത്തിച്ചു.

കുറച്ചകലെ ഒരു കറുത്തിരുണ്ട, ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാനാവാത്ത ഒരു രൂപം ഇത് നോക്കിനിന്നിരുന്നു.

(തുടരും)