ഉമാദത്തനും ഞാനും തമ്മിലുണ്ടായിരുന്നത് സഹോദര തുല്യമായ ഒരു ഗാഢബന്ധമായിരുന്നു. ഔദ്യോഗികരംഗത്ത് എന്റെ കേസന്വേഷണങ്ങളെ ഡോ. ബി. ഉമാദത്തന്റെ പ്രാഗല്ഭ്യം വളരെയധികം സഹായിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കാലത്ത് പതിനഞ്ച് വർഷം ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിൽ ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തു. അന്ന് ഫോറൻസിക് വകുപ്പ് മേധാവിയായിരുന്നു ഉമാദത്തൻ. ഈ കാലത്ത് നിരവധി കേസുകൾ തെളിയിച്ചിട്ടുണ്ട്. ഉമാദത്തനെപ്പോലെ കേസുകളിൽ ഇത്ര ആഴ്ന്നിറങ്ങുന്ന ഒരു ഫോറൻസിക് സർജനെ ഞാൻ കണ്ടിട്ടില്ല. കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി യാത്രകൾ ഞങ്ങളൊരുമിച്ച് നടത്തിയിട്ടുണ്ട്. ഞങ്ങളിരുവരും ചേർന്ന് പ്രധാനപ്പെട്ട പല കേസുകളും തെളിയിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇടയായിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിൽ കേസുകൾ തെളിയിക്കുന്നതിൽ ഡോ. ഉമാദത്തന്റെ കഴിവ് അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
സാധാരണ നിലയിൽ ഒരു കേസ് പൊലീസ് അന്വേഷിച്ചതിന് ശേഷമാണ് ശാസ്ത്രീയമായി തെളിയിക്കാനായി തെളിവുകൾ ഫോറൻസിക് വിഭാഗത്തിന് കൈമാറിയിരുന്നത്. എന്നാൽ ഞാനുമായുള്ള അടുപ്പവും ഫോറൻസിക് വിഷയത്തിലുള്ള ഉമാദത്തന്റെ താത്പര്യവും കാരണം കേസന്വേഷണത്തിന് പോകുമ്പോൾ അദ്ദേഹം എന്നോടൊപ്പം വരുമായിരുന്നു. പല കേസുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എനിക്ക് നൽകിയ പ്രയോജനം വളരെ വലുതായിരുന്നു. തിരുവനന്തപുരത്ത് തനിച്ച് താമസിച്ചിരുന്ന ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം അവരുടെ ബന്ധുക്കളിലേക്ക് നീങ്ങി. അഞ്ചലിന് അടുത്തുള്ള ഒരു സ്ഥലത്ത് വച്ച് പ്രതികളെ പിടിക്കാനുള്ള എന്റെ യാത്രയിൽ ഉമാദത്തനും ഒപ്പമുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഉമാദത്തന്റെ അഗാധമായ അറിവിന് തിളക്കം കൂട്ടിയത് അദ്ദേഹത്തിന്റെ ആഴത്തിലുള്ള വായനയായിരുന്നു. നമ്മുടെ നാട്ടിൽ ഇന്റർനെറ്റ് വിപ്ളവത്തിന് തുടക്കം കുറിക്കുന്നതിനും എത്രയോ മുൻപു തന്നെ ലോകത്തെ പലതരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പലതും ഉമാദത്തന്റെ കൈവശമുണ്ടായിരുന്നു.
കുറ്രകൃത്യങ്ങളെക്കുറിച്ചുള്ള തന്റെ അറിവ് നിരന്തരം പുതുക്കി നിലനിറുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വ്യത്യസ്തതരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അഗാധമായ ഈ അറിവാണ് കേസുകൾ തെളിയിക്കുന്നതിൽ അദ്ദേഹത്തെ സഹായിച്ചിരുന്നത്. ഇന്നും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഉമാദത്തൻ .
എന്റെ മൂത്ത മകൻ സംവിധായകൻ എം.എ. നിഷാദ് എന്റെ പഴയ കേസ് ഡയറികളിൽ നിന്നൊക്കെ അവന്റെ സിനിമയ്ക്കാവശ്യമായ വിവരങ്ങൾ എടുക്കുമ്പോൾ ഞാൻ അവനോട് പറഞ്ഞത് ഉമാദത്തനുമായി ബന്ധപ്പെടാനായിരുന്നു. അങ്ങനെ , ഉമാദത്തന്റെ 'ഒരു ഫോറൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകൾ" എന്ന പുസ്തകത്തിൽ നിന്നും നിഷാദിന് ഒരു സിനിമയ്ക്കാവശ്യമായ വിഷയം ലഭിച്ചു. തൃശ്ശൂരിലെ ഒരു സൂപ്പർ മാർക്കറ്റ് ഉടമയുടെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു വിഷയം. അത് സിനിമയാക്കണമെന്ന് ഉമാദത്തൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നിഷാദ് അതുമായി കുറേദൂരം മുന്നോട്ടു പോവുകയും ചെയ്തു. എന്നാലത് നടന്നില്ല.
ഞാൻ ഉമാദത്തനെ അവസാനം കണ്ടത് നാലുവർഷം മുൻപാണ്. ഒരു ഹൃദയാഘാതത്തിന് ശേഷം കൊച്ചിയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. ഒരുമാസം മുൻപ് വരെ ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്റെ സ്വകാര്യ നഷ്ടമാണ്.
( ലേഖകൻ റിട്ടയേർഡ് ഡി.ഐ.ജിയാണ് )