lisa

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ ജർമൻ യുവതി ലിസ വെയ്സിനായുള്ള (31) അന്വേഷണം ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസിന് ഇവരെപ്പറ്റി യാതൊരു സൂചനയുമില്ല. കഴിഞ്ഞ മാർച്ച് 7ന് തിരുവനന്തപുരത്തു വിമാനമിറങ്ങിയ ലിസയെക്കുറിച്ച് പിന്നീട് സൂചനകളൊന്നും ലഭിക്കാത്തതിനാൽ അമ്മ ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയതോടെയാണ് യുവതിയുടെ തിരോധാനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ലിസയോടൊപ്പം കേരളത്തിയ മുഹമ്മാലി എന്ന യുവാവ് തിരികെ യു.കെയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. അതേസമയം എയർപോർട്ടുകളും എയർലൈൻസ് കമ്പനികളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലിസ മടങ്ങിപ്പോയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

യുവതിയുടെ തിരോധാനത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം പൊലീസ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മൂന്ന് ദിവസത്തിനപ്പുറവും വിശ്വസനീയമായ യാതൊരു വിവരവും ലഭിക്കാത്തത് പൊലീസിനെ കുഴക്കുന്നു. അമൃതപുരിയിൽ സന്ദർശനം നടത്തുവാനായിട്ടാണ് കേരളത്തിലെത്തിയതെന്ന് രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണത്തിൽ അവിടെ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം യുവതി ഇസ്ലാം മതത്തിനോട് ആഭിമുഖ്യം കാണിച്ചിരുന്നതായും, ജർമനിയിൽ യുവതി മുസ്ലീം കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ജീവിച്ചിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചതായി വിവരമുണ്ട്. ഇതേ തുടർന്ന് വടക്കൻ കേരളത്തിലെ മതപരിവർത്തന കേന്ദ്രങ്ങളിൽ യുവതിയെത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മതപരിവർത്തന കേന്ദ്രങ്ങളിൽ യുവതിക്കായി അന്വേഷണം നടത്താൻ പൊലീസിനോട് അന്വേഷണ സംഘം നിർദ്ദേശിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുവതിയെ കാണാതായതും പൊലീസ് അന്വേഷണം മുറുകുന്നതും സംബന്ധിച്ച് വാർത്തകളിലും സമൂഹ മാദ്ധ്യമങ്ങളിലും വിവരങ്ങൾ പ്രചരിച്ചിട്ടും ഇവരെപ്പറ്റി സൂചന പൊലീസിന് ലഭിക്കാതെ പോകുന്നത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ യുവതിയ്ക്ക് രൂപമാറ്റം വരുത്തുകയോ ഏതെങ്കിലും താവളങ്ങളിൽ അകപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന കാര്യമാണ്. ലിസയോടൊപ്പം കേരളത്തിലെത്തുകയും പിന്നീട് തിരികെ പോകുകയും ചെയ്ത മുഹമ്മദാലിയിൽ നിന്നും ലിസയുടെ കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടാൻ അന്വേഷണ സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. എംബസിയുടെ സഹായത്തോടെ ഇവരിൽ നിന്ന് അറിയേണ്ട വിവരങ്ങൾ ചോദ്യാവലിയായി തയ്യാറാക്കി അന്വേഷണസംഘം അവർക്ക് കൈമാറും. കേരളത്തിൽ അമൃതപുരിക്ക് പുറമേ സായിബാബ ആശ്രമത്തിലും, ഗോവയിലും സന്ദർശനം നടത്തണമെന്നാണ് യുവതിയുടെ യാത്രാ രേഖകളിലുള്ളത്, ഇതും അന്വേഷണസംഘം പരിശോധിക്കുമെന്ന് പൊലീസ് വൃത്തങ്ങളിൽ നിന്ന് അറിയുന്നത്.