കിടപ്പറയിലെ അസംതൃപ്‌തി പല കുടുംബ ബന്ധങ്ങളിലും വിള്ളലുണ്ടാക്കാറുണ്ടെന്നത് വൈദ്യശാസ്ത്രം നേരത്തെ തന്നെ കണ്ടെത്തിയ കാര്യമാണ്. തങ്ങളുടെ ലൈംഗിക ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന ചോദ്യം ഉന്നയിക്കാത്ത പുരുഷന്മാരും കുറവാണ്. പക്ഷേ ഇതിനൊന്നും കൃത്യമായ ഉത്തരം കിട്ടാറില്ലെന്ന് മാത്രം. എന്നാൽ കിടപ്പറയിൽ പുതിയ ഊർജ്ജം കൊണ്ടുവരാൻ വെറും നാല് കാര്യങ്ങൾ മാത്രം ചെയ്‌താൽ മതിയെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
അശ്ലീല ചിത്രങ്ങൾ കാണുന്നത് മതിയാക്കാം
കുടുംബ ജീവിതത്തിലെ താളപ്പിഴകൾ പരിഹരിക്കണമെങ്കിൽ പോൺ വീഡിയോകൾ കാണുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ഗവേഷകർ പറയുന്നു. എന്തുകൊണ്ടാണെന്ന് ചിന്തിക്കാൻ വരട്ടെ. സാങ്കേതിക വിദ്യയുടെ വളർച്ചയും അതിവേഗ ഇന്റർനെറ്റിന്റെ കടന്നുവരവും പലരെയും പോൺ സിനിമകളുടെ അടിമയാക്കിയെന്നാണ് ഗവേഷകർ പറയുന്നത്. പോൺ സിനിമികൾ കാണുന്നവരുടെ ലൈംഗിക ചിന്തകൾ യാഥാർത്ഥ്യത്തിനും അപ്പുറത്തേക്ക് വളരാറുണ്ടെന്നതാണ് സത്യം. നിങ്ങളുടെ പങ്കാളിയെയും സ്വന്തം ലൈംഗിക ജീവിതത്തെയും പോൺ സിനിമികളുമായും അതിലെ കഥാപാത്രങ്ങളുമായും താരതമ്യം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. കൃത്രിമമായ മാർഗങ്ങളിലൂടെ നിർമിക്കുന്ന പോൺ ചിത്രങ്ങളിലെ രംഗങ്ങൾ സ്വന്തം ജീവിതത്തോട് താരതമ്യം ചെയ്യുമ്പോൾ ജീവിതത്തിൽ നിരാശയുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. മാത്രവുമല്ല വ്യക്തിയുടെ ലൈംഗിക താത്പര്യത്തെ പോൺ ചിത്രങ്ങൾ സാരമായി ബാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
വ്യായാമം
ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് പൂർണ ആരോഗ്യമുള്ള ശരീരവും ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. ഇത് കേട്ടിട്ട് നാളെ മുതൽ ജിമ്മിൽ പോയി സിക്‌സ് പാക്ക് വരുത്താൻ വരട്ടെ. വെയ്‌റ്റ് ലിഫ്‌റ്റിംഗ് പോലുള്ള വ്യായാമ മുറകൾ കൂടുതലായി ചെയ്യണമെന്നാണ് ഗവേഷകരുടെ ഉപദേശം. വെയ്‌റ്റ് ലിഫ്‌റ്റിംഗ് ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാനും പുതിയ മസിലുകൾ വരാനും ഇടയാക്കും. ഇത് ശരീരത്തിലെ സെക്‌സ് ഹോർമോണായ ടെസ്‌റ്റോസ്‌റ്റിറോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും. മാത്രവുമല്ല ഇത്തരത്തിലുള്ള വ്യായാമമുറകൾ ശരീരത്തിന് നല്ല ആകൃതി നൽകുന്നതിനൊപ്പം കിടപ്പറയിൽ ഏറെ നേരം ആനന്ദം നിലനിറുത്താനുള്ള സ്‌റ്റാമിന നൽകുകയും ചെയ്യും.
സുഖമായി ഉറങ്ങൂ
ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ആരോഗ്യകരമായ ഉറക്കം ശരീരത്തിനും മനസിനും പുതിയ ഊർജം നൽകുന്നതിനൊപ്പം ലൈംഗിക ജീവിതത്തെയും സഹായിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തവർ ശാരീരികമായും മാനസികമായും സംഘർഷങ്ങൾ നേരിടുകും ചെയ്യും. ഇത് അവരുടെ ലൈംഗിക ജീവിതത്തെയും സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ മറ്റ് പ്രവർത്തനങ്ങൾ സമയം കണ്ടെത്തുന്നത് പോലെ സുഖമായി ഉറങ്ങാനും സമയം നീക്കി വയ്‌ക്കണമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.
പുകവലിയും മദ്യപാനവും വേണ്ടേ വേണ്ട
പുകവലിയും മദ്യപാനവും കരൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇത്തരം ദുശീലങ്ങൾ ഒരാളുടെ ലൈംഗിക ജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ദീർഘകാലമായുള്ള മദ്യപാനം ഒരാളിലെ സെക്‌സ് ഹോർമോണിന്റെ ഉത്പാദനം കുറയ്‌ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അതുപോലെ തന്നെയാണ് പുകവലി. പുകവലി ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇത് വിവിധ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കുമെന്നും പഠനം പറയുന്നു. ജനനേന്ദ്രിയങ്ങളിലുൾപ്പെടെ രക്തയോട്ടം കുറഞ്ഞാൽ അതിന്റെ ഫലം എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.