crime-noida

നോയിഡ: 19കാരിയുടെ മൃതദേഹം കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ. ഉത്തർപ്രദേശിലെ നോയിഡയിൽ അമ്രപാലി സിലിക്കൺ സൊസൈറ്റിയിലാണ് സംഭവം. ഇവിടുത്തെ അപ്പാർട്ട്‌മെന്റിലെ വീട്ടുജോലിക്കാരിയായ പെൺകുട്ടിയുടെ മൃതദേഹമാണ് 120 അടി ഉയരത്തിൽ കെട്ടിടത്തിന്റെ രണ്ട് ബ്ളോക്കുകൾക്കിടയിൽ നിന്ന് കണ്ടെത്തിയത്. സൊസൈറ്റിയിൽ ദമ്പതികളുടെ വീട്ടിലാണ് പെൺകുട്ടി ജോലിക്ക് നിന്നിരുന്നത്. സ്വകാര്യ ആവശ്യങ്ങൾക്കായി ഹരിയാനയിലെ ഗുഡ്ഗാവിൽ പോയിരുന്ന ദമ്പതികൾ വിവരം അറിഞ്ഞ് തിരിച്ചെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

ജൂൺ 28 മുതലാണ് പെൺകുട്ടിയെ കാണാതായത്. ദുർഗന്ധം വമിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചീർത്തും പരിക്കേറ്റും വികൃതമായ നിലയിലായിരുന്നു മൃതദേഹം. ദേശീയ ദുരന്തനിവാരണ സംഘം രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് മൃതദേഹം പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകൾക്കിടയിൽ കുടുങ്ങിയ നിലയിലുള്ള മൃതദേഹം റോപ്പുപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഒന്നരയടി മാത്രം വീതിയുണ്ടായിരുന്നതിനാൽ ഭിത്തി ചെറുതായി മുറിച്ചുമാറ്റിയതിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്.

അതേസമയം, പെൺകുട്ടിയുടെത് കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ ഇതുസംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.