sabarimala

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശം തടയാൻ തൽക്കാലം നിയമനിർമാണമില്ലെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ നിലവിലെ സാഹചര്യത്തിൽ നിയമ നിർമാണം സാധ്യമല്ലെന്നും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു. ആചാരസംരക്ഷണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.

ശബരിമലയിലെ ആചാരങ്ങൾ നിലനിറുത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രൻ അവതരിപ്പിച്ചത്. ശബരിമലയിൽ കഴിഞ്ഞ സപ്തംബർ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധർമശാസ്താ ടെമ്പിൾ (സ്‌പെഷ്യൽ പ്രൊവിഷൻ) ബിൽ 2019. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നൽകിയത്. അതേസമയം, സ്വകാര്യബിൽ അപൂർണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിർമാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു. ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വേണമെന്നും ലേഖി പറഞ്ഞു. ബിൽ ചർച്ചയ്ക്കെടുക്കണോയെന്ന് നറുക്കിട്ടെടുത്താണ് തീരുമാനിക്കുക.

സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നും കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ നടപടിയുണ്ടായില്ല. നിയമനിർമാണം താൽപര്യപ്പെടുന്നതായി ബി.ജെ.പി പ്രകടനപത്രികയിലും ഉറപ്പു നൽകിയിരുന്നില്ല. പകരം, ശബരിമലയിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വിഷയം സുപ്രീം കോടതിയിൽ സമഗ്രമായി അവതരിപ്പിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണത്തിനു ശ്രമിക്കുമെന്നുമാണ് പത്രികയിൽ പറഞ്ഞിരുന്നത്.