pajisthan

ഇസ്ലമാബാദ്: ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ അനിശ്ചിതകാലത്തേക്ക് വ്യോമപാത അടച്ചിട്ട തീരുമാനം തിരിച്ചടിയാണെന്ന് സമ്മതിച്ച് പാകിസ്ഥാൻ. അഞ്ച് മാസത്തോളം വ്യോമപാത അടഞ്ഞു കിടന്നതോടെ ഏകദേശം 100 മില്യൺ ഡോളറിന്റെ (ഏകദേശം 700 കോടി ഇന്ത്യൻ രൂപ) നഷ്ടമാണ് പാകിസ്ഥാന് വന്നിരിക്കുന്നത്. ഫെബ്രുവരി 27ന് പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചതോടെ ദിവസവും 400 വിമാനങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.

ബലാക്കോട്ട് ആക്രമണത്തിന് ശേഷം അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പാക് വ്യോമപാത ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായ് ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ തുറന്ന് കൊടുത്തിരുന്നു. ഭീകരക്യാംപുകൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണ ശേഷം വ്യോമപാതയ്ക്ക് പുറമെ ഇന്ത്യാ–പാക് അതിർത്തി വഴിയുള്ള എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു.

പാകിസ്ഥാനും വിദേശ വിമാനക്കമ്പനികളും ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെ നടത്തിയ വിപുലമായ പഠനത്തിൽ ഒരു ദിവസം ഏകദേശം 400 വിമാനങ്ങൾ വ്യോമാതി‌ർത്തിയിലൂടെ സഞ്ചരിക്കാതെ വഴിമാറിപോകുന്നുവെന്ന് കണ്ടെത്തി. ഈ വിമാനങ്ങൾക്ക് ഇന്ധനച്ചെലവ്, പ്രവർത്തന ചെലവ്, അറ്റകുറ്റപണികൾക്ക് വരുന്ന ചെലവ് എന്നിവയിൽ വലിയ വർദ്ധനവുണ്ടായെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റൂട്ട് നാവിഗേഷൻ, ഓവർ ഫ്ലൈയിംഗ്, പാകിസ്ഥാൻ എയർപോർട്ടുകളിൽ ലാൻഡ് ചെയ്യുന്നത് എന്നിവയ്ക്ക് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ ഈടാക്കിയ തുകയിൽ വൻ കുറവ് സംഭവിച്ചിട്ടുണ്ട്.

പാക് വ്യോമാതിർത്തിയുടെ മുകളിലൂടെ പറക്കുന്നതിന് ഒരു വിമാനക്കമ്പനിയിൽ നിന്നും ഏകദേശം 580 ഡോളർ (40,000 രൂപ)വരെ വാങ്ങിക്കാറുണ്ട്. 400ഓളം വിമാനങ്ങൾ പാക് വ്യോമാതിത്തിയിലൂടെ പറക്കാത്തതോടെ ഏകദേശം 232,000 ഡോളർ ( ഏകദേശം1,59,80,000 ഇന്ത്യൻ രൂപ) നഷ്ടമാണ് സിവിൽ ഏവിയേഷന് ദിവസവും സംഭവിക്കുന്നതെന്ന് അധികൃതർ പറയുന്നു. കൂടാതെ ടെർമിനൽ നാവിഗേഷൻ, വിമാനങ്ങളുടെ പാർക്കിംഗ് ഫീസ് എന്നീ ഇനത്തിലും വലിയ നഷ്ടമാണ് ദിവസവും കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

ക്വാലാലംപൂർ, ബാങ്കോക്ക്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിറുത്തിവച്ചതും ആഭ്യന്തര വിമാന സർവീസുകൾക്ക് കൂടുതൽ സമയം പറക്കുന്നതിനാൽ പ്രവർത്തന, ഇന്ധനച്ചെലവ് വർദ്ധിച്ചതും കാരണം സർക്കാർ നടത്തുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ഒരു ദിവസം ഏകദേശം 460,000 (ഏകദേശം 3,16,84,570 ഇന്ത്യൻ രൂപ) ഡോളർ നഷ്ടം നേരിടുന്നതായാണ് റിപ്പോർട്ട്. വ്യോമാതിർത്തി അടച്ചതുമൂലം നിരവധി വിദേശ വിമാനക്കമ്പനികൾ ഇതിനകം തന്നെ ഈ മേഖലയിലെ ചില വിമാനങ്ങൾ വെട്ടിക്കുറയ്ക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.

പാകിസ്ഥാൻ വ്യോമാതിർത്തി ഒഴിവാക്കുന്നതോടെ എയർലൈനുകൾക്ക് കൂടുതൽ റൂട്ടുകളെടുക്കേണ്ടിവന്നതിനാൽ അമിത് ചാർജ് നൽകിയാണ് യാത്ര ചെയ്യുന്നതെന്ന് യാത്രക്കാർ പറയുന്നു. വിമാനക്കമ്പനികൾക്ക് ഉയർന്ന പ്രവർത്തനച്ചെലവ് വരുന്നതിലൂടെ ആത്യന്തികമായി യാത്രക്കാർക്ക് നഷ്ടമുണ്ടാകുന്നതിനാൽ ഇന്ത്യ ഇക്കാര്യം നയതന്ത്ര തലത്തിൽ ഏറ്റെടുത്ത് പരിഹരിക്കണമെന്നും ചിലർ പറയുന്നു.