നീണ്ടകാലത്തെ പ്രവാസ ജീവിതം കഴിഞ്ഞ്, മരുഭൂമിയിൽ നിന്നും മലയാളനാട്ടിലേക്ക് തിരികെ എത്തുന്നവർ എന്തെങ്കിലുമൊക്കെ സ്വന്തമായി തുടങ്ങി ജീവിതം ആനന്ദഭരിതമാക്കാൻ ആഗ്രഹിക്കുന്നവരാകും. അത്തരത്തിൽ ദുബായിൽ നിന്നും എത്തിയ ഒരു പ്രവാസിക്ക് സംഭവിച്ച അനുഭവ കഥ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ഡോക്ടർ മരിയ ലിസ മാത്യു. ബോറടി മാറ്റാൻ പത്ത് ആടുകളെ വാങ്ങിയ പ്രവാസിക്ക് നാട്ടുകാരിൽ നിന്നുള്ള പരിഹാസം കാരണം ഡോക്ടറോട് സഹായം അഭ്യർത്ഥിച്ചതും തുടർന്ന് നടന്ന സംഭവങ്ങളുമാണ് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"ഡോക്ടറെ ഞാൻ പെട്ടു".
(ഒരു പ്രവാസിയുടെ കാര്യം /കഥ)
ഫോണിൽ സുനിലാണ്.
ആള് 23 കൊല്ലമായി ദുബായിലായിരുന്നു. പ്രവാസം ഒക്കെ അവസാനിപ്പിച്ച് നാട്ടിൽ വന്നതാണ്.
"എന്തുപറ്റി സുനിലെ?
"ഡോക്ടർക്ക് അറിയാല്ലോ മരുഭൂമി യില് കിടന്ന് മടുത്തിട്ടാണ് ഞാൻ നാട്ടിലോട്ട് വന്നത്. വീടും കാറും അത്യാവശ്യം സൗകര്യങ്ങളുമായി. ഇനി മക്കളും കുടുംബവുമായി ആയി വിശ്രമിച്ചു അങ്ങനെ കഴിയാം എന്ന് വിചാരിച്ചു".
"മിനിം, പിള്ളേരും സ്കൂളിലേക്ക് പോയി കഴിഞ്ഞാൽ മഹാ ബോറാ . അവരൊക്കെ വല്യ ബിസി ".
"വരുമ്പോൾ ചായ ഇട്ടു വെച്ചു കൊടുക്കന്നേ"
സുനിൽ ചിരിച്ചു .
" ബോറടി മാറ്റാൻ ഞാൻ ഒരു കടുംകൈ ചെയ്തു.
".
"അയ്യോ അതെന്താ?".
എനിക്ക് ആകാംക്ഷ.
"പത്ത് ആടിനെ മേടിച്ചു കുഞ്ഞുങ്ങളുമുണ്ട് പശു ഇല്ലാത്ത തൊഴുത്ത് ആട്ടിൻകൂട് ആക്കി".
"അത് നല്ല കാര്യമല്ലേ?"
" പക്ഷേ കൊണ്ടുവന്ന അന്നുമുതൽ എനിക്ക് ഇത് വേണ്ടായിരുന്നു എന്ന് തോന്നി.. മിനിക്കും താല്പര്യമില്ല . ഇപ്പോൾ ഒരു മാസം ആയി. നാട്ടുകാരുടെ പരിഹാസം വേറെ".
"അപ്പോൾ ബോറടിയോ?
"അതിനു വേറെ എന്തെങ്കിലും ഒരു വഴി കാണണം".
" ഞാൻ ഡോക്ടറെ വിളിച്ചത് എനിക്കി ആടിനെ ഒഴിവാക്കണം ഡോക്ടർക്ക് അറിയാവുന്ന വല്ലോ ഫാമുകാരുണ്ടെങ്കിൽ ഉണ്ടെങ്കിൽ നമ്പർ ഒന്ന് തരണം"
"ഇത്രയും എണ്ണത്തിനെ ഒന്നിച്ചു വാങ്ങാൻ ആളെ കിട്ടാൻ ബുദ്ധിമുട്ടാവും".
"പിന്നെ എന്ത് ചെയ്യും?".
"എളുപ്പം പത്രത്തിൽ ഒരു പരസ്യം കൊടുക്കുന്നതാ സുനിലെ".
"അതിനു വലിയ ചാർജ് ആകുകേലെ?".
"പരസ്യ വാക്കുകൾ/അക്ഷരങ്ങൾ എത്ര ഉപയോഗിക്കുന്നുണ്ട് , എത്ര ജില്ലകളിൽ പരസ്യം ചെല്ലണം ഇതൊക്കെ ആശ്രയിച്ചാണ് റേറ്റ്. എന്തായാലും ഒരു 500 രൂപയിൽ കൂടില്ല".
"എന്നാൽ പരസ്യം കൊടുക്കാം".
രണ്ടാഴ്ച കഴിഞ്ഞ് സുനിൽ എന്നെ വീണ്ടും വിളിച്ചു.
"എന്താ സുനിലേ ആടിനെ വിറ്റ് തീർന്നോ...?".
"ആടു വളർത്താൻ എനിക്ക് ഇൻട്രസ്റ്റ് ആയി ഡോക്ടറേ".
" ങ്ങേ ! അതെങ്ങനെ "?.
"പരസ്യം ചെയ്ത അന്ന് എനിക്ക് ഫോൺ താഴെ വയ്ക്കാൻ നേരമില്ലായിരുന്നു എന്തുമാത്രം പേരാണ് എന്നെ വിളിച്ചത് എന്നറിയാമോ. കേരളത്തിന്നും, തമിഴ്നാട്ടിന്നും എന്തിനാ ഗൾഫീന്ന് വരെ ".
"ഉവ്വോ?".
"3000 രൂപ ലാഭത്തിനാ ഞാൻ ഓരോ ആടിനെയും വിറ്റത്. സകല ചെലവും കഴിഞ്ഞ് 25000 രൂപ ലാഭം. സത്യം പറഞ്ഞാൽ എന്റെ കണ്ണുതള്ളി.
"ഞാൻ ആടു വളർത്താൻ തീരുമാനിച്ചു ഡോക്ടറേ".
" കൂടൊന്നു നന്നാക്കണം. വളർത്തലും, വിൽക്കലും .അതാ പ്ലാൻ"
"അപ്പോൾ വീട്ടുകാരുടെ എതിർപ്പ് നാട്ടുകാരുടെ പരിഹാസം ഒക്കെ ?".
" പോയി പണി നോക്കട്ടെ".
"അതു കൊള്ളാം".
"മലബാറി ആടിനാ ഡിമാൻഡ് അതുകൊണ്ട് മലബാറി ആടിൻറെ ഒരു ഫാം ഉണ്ടാക്കാൻ ശ്രമിക്കുക".
"എവിടെ കിട്ടും? ".
"ശുദ്ധ മലബാർയെ കിട്ടാൻ ബുദ്ധിമുട്ടാണ്.
ഒരു ലിറ്റർ എങ്കിലും ലും കറവയുള്ള തള്ള ആടിനെ വാങ്ങുക. മ ദി ഇളകുമ്പോൾ മലബാറി ആടിന്റെ ബീജം ഉപയോഗിച്ച് കൃത്രിമബീജസങ്കലനം നടത്തുക . വരുംതലമുറകളെയും ഇതുതന്നെ ചെയ്യുക. ഗുണമേന്മയുള്ള ഒരു മലബാറി തലമുറയെ ഉണ്ടാക്കിയെടുക്കാൻ ആവും. മറിച്ചു വിൽക്കൽ തുടർന്നോളൂ. മികച്ചതിനേ നിർത്തി നല്ലൊരു ഫാം ഉണ്ടാക്കാം".
"ഡോക്ടറെ ഒരുപാട് നന്ദിയുണ്ട്"
"വരവ് വെച്ചിരിക്കുന്നു"