തിരുവനന്തപുരം: 'കഷ്ടപ്പെട്ടു വലയെറിഞ്ഞു സ്വരുക്കൂട്ടിയതാണ്. കട്ട വഞ്ചി തുഴഞ്ഞു പിടിക്കുന്ന മീൻ കുട്ടയിൽ ചുമന്നു നടന്നു വീടുകൾ തോറും കൊണ്ട് നടന്നു വിറ്റ് കെട്ടിപ്പൊക്കിയതാണ് കടപ്പുറത്തെ രണ്ടാം നിര മൂന്നാം നിര ഭവനങ്ങൾ. ഒരു ഇഷ്ടിക പോലും ബാക്കി വയ്ക്കാതെ വീട്ടിലെ എല്ലാം പുണർന്നെടുത്തു കടലമ്മ കൊണ്ട് പോയി. കിടപ്പാടം പോയി. സ്വത്തെന്ന് പറയാൻ ഇനിയുള്ളത് ഉറ്റവർ മാത്രം. തീരത്തിനടുത്തു സുരക്ഷിതമായി കയറിക്കിടക്കാൻ ഒരു ഭവനം, അത് മാത്രമാണിനിയുള്ള സ്വപ്നം. അധികാരികൾ മാത്രം തീരത്തെ ഈ കണ്ണുനീരൊന്നു കാണാൻ മിനക്കെടുന്നില്ലല്ലോ '
കേരളക്കരയിൽ അടിച്ചുകയറിയ സുനാമി പോലും ഒന്ന് തൊടാൻ മടിച്ച തിരുവനന്തപുരത്തെ വലിയതുറയിലെ കടലിന്റെ മക്കളുടെ രോദനമാണിത്. അമ്മമാരുടെ രോദനങ്ങൾ ഉയരുന്നത് ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്രം. കേൾക്കാൻ പ്രതികരിക്കാൻ ആരുമില്ലെന്ന് ഈ അമ്മമാർ പരിതപിക്കുന്നു. ക്യാമ്പുകളിൽ കിടന്നു അവരുടെ കണ്ണ് നീര് നിറയുന്നത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണെന്ന് കരുതുന്നവർക്ക് തെറ്റി. അവർക്ക് വേണ്ടത് സുരക്ഷിതമായ ഭവനമാണ്. ഉടയതമ്പുരാനല്ലാതെ ഒരു വില്ലേജ് സാറന്മാരും തങ്ങളുടെ വിളി കേൾക്കാനില്ലെന്നു ഇവർ നെഞ്ചുരുകി പറയുമ്പോൾ നിൽക്കുന്നവരുടെ കണ്ണുകളിലും നിസ്സഹായതയുടെ കണ്ണ് നീര് പടരും.
15 ദിവസങ്ങൾക്കു മുമ്പ് തുടങ്ങിയ രൂക്ഷമായ കടലാക്രമണത്തിന്റെ മുൻകാലത്തൊന്നുമില്ലാത്ത ഭീകരത വലിയ തുറ പാലത്തിൽ നിന്ന് തന്നെ വ്യക്തമായി കാണാം. തൊട്ടടുത്തുള്ള കളിക്കളത്തോടു ചേർന്ന് നാട്ടുകാർക്കും കാണികൾക്കും മുന്നിൽ തലയെടുത്തു നിന്നിരുന്ന രണ്ടു നില വീടുകളടക്കം മുപ്പതോളം വീടുകളാണ് അപ്രതീക്ഷിതമായ കടലാക്രമണത്തിൽ നിലംപരിശായത്. തീരത്തുള്ള സിമന്റ് റോഡുകൾ , വീടുകൾ എന്നിവയൊക്കെ കടലെടുത്തു.തീരത്തു നിന്നും നാലും അഞ്ചും നിരയിലുള്ള വീടുകൾ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. എല്ലാം നഷ്ടപ്പെട്ടവർ പലായനം ചെയ്തത് വലിയതുറയിലെ മൂന്നു താത്കാലിക ക്യാമ്പുകളിലേക്ക്.
വലിയതുറ സർക്കാർ യു.പി സ്‌കൂൾ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഒരു ക്യാമ്പാണോ സ്‌കൂൾ ആണോ എന്ന സംശയം
തോന്നി പോകും. സ്‌കൂളിന്റെ പകുതി ഭാഗം പഠിക്കാനെത്തുന്ന കുട്ടികൾക്ക് ബാക്കി പകുതി ക്യാമ്പിലെ അന്തേവാസികൾക്ക്. അംഗ ബലം നോക്കിയാൽ അന്തേവാസികൾ തന്നെയാണ് ഭൂരിപക്ഷം. കടുത്ത ഗതികേടിലും അപകടകരമായ അവസ്ഥയിലുമാണ് ഇവർ ക്യാമ്പിൽ താമസിക്കുന്നത്. കുട്ടികൾ മാറി മാറി വരും ക്ളാസുകളിൽ. പക്ഷെ കഴിഞ്ഞ പത്തു വർഷമായി ഈ ക്യാമ്പ് തുടങ്ങിയിട്ട്. ഓരോ ക്ളാസ് മുറിയിലും തിങ്ങി നിറഞ്ഞു അച്ഛനും അമ്മയും മക്കളുമൊക്കെ തറയിൽ കിടക്കുന്നു. രാത്രി മഴയത്തു നനയില്ലെന്നത് മാത്രമാണ് ഇവർക്ക് ഒരു ആശ്വാസം. അങ്ങനെ നാലഞ്ചു ക്ളാസ് മുറികളിൽ അവർ തിങ്ങി കൂടി ശ്വാസം മുട്ടി കഴിയുന്നു. ഓഖി ദുരന്ത സമയത്തു സർവ്വതും ക്യാംപിലുണ്ട്. നൽകാമെന്ന് പറഞ്ഞ് വീട് അവസാന നിമിഷം ചുണ്ടിനും കപ്പിനുമിടക്ക് നഷ്ടമായ ഹതഭാഗ്യർ.
തൊട്ടടുത്ത വലിയതുറ ഗോഡൗണിനകത്തുമുണ്ട് കുറെ മനുഷ്യ ജീവനുകൾ. ഇപ്പോൾ പതിനഞ്ചോളം കുടുംബങ്ങൾ, വൃദ്ധരായ മാതാ പിതാക്കളും കൊച്ചു കുട്ടി പരാധീനതകൾക്കുമൊപ്പം കാറ്റും വെളിച്ചവും കടക്കാത്ത ഗോഡൗണിനുള്ളിൽ വെന്തുരുകി ഇവരും ജീവിതം തള്ളി നീക്കുന്നു. എന്നെങ്കിലും സർക്കാർ നൽകുന്ന ഉറപ്പുള്ള വീടുകൾ തങ്ങൾക്കും ലഭിക്കുമെന്ന പ്രതീക്ഷയാണിവർക്ക്.