amit-shah

ന്യൂഡൽഹി: ചാന്ദിനി ചൗക്കിന് സമീപം ഹൊസ് ഖ്വാസി മേഖലയിൽ കഴിഞ്ഞ ഞായറാഴ്ച വർഗ്ഗീയ സംഘർഷമുണ്ടായ സാഹചര്യത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവി അമുല്യ പട്‌നായിക്കിനെ വിളിച്ചു വരുത്തി. സംഘർഷം കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ പുറത്തു വന്നതോടെയാണ് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി പൊലീസ് മേധാവിയെ വിളിച്ച് വരുത്തിയത്.

ഹൊസ് ഖ്വാസി സംഭവത്തെപ്പറ്റിയും നിലവിലെ സാഹചര്യങ്ങളും ചോദിച്ചറിയാനായിരുന്നു മന്ത്രി വിളിപ്പിച്ചതെന്നും എല്ലാം നിയന്ത്രണാവിധേയമാണെന്നും പട്‌നായിക് കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായെന്നും ഇതിന് പിന്നിലുള്ള എല്ലാവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞങ്ങളുടെ കൈയിൽ സിസിടിവി ദൃശ്യങ്ങളുണ്ട്. അത് പരിശോധിച്ച് വരികയാണ്. ഇതിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കും.' അദ്ദേഹം പറഞ്ഞു. അറസ്‌റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. ഡൽഹി പൊലീസും അർദ്ധസൈനികവിഭാഗവും ഉൾപ്പെടെ ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച പഴക്കച്ചവടക്കാരനായ സഞ്ജീവ് ഗുപ്ത തന്റെ വീടിന് മുന്നിൽ കാർ പാർക്ക് ചെയ്‌ത ആസ് മുഹമ്മദും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ കൂടുതലാളുകൾ ഇതിൽ ഇടപെടുകയായിരുന്നു. പെട്ടെന്ന് തന്നെ തർക്കം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്കെത്തിച്ചു. ഒരു വീടും അതിനടുത്തുള്ള ആരാധനാലയവും ആക്രമിക്കപ്പെട്ടു.

ചൊവ്വാഴ്ച കേന്ദ്രമന്ത്രി ഹർഷ് വർദ്ധൻ സംഭവം സ്ഥലം സന്ദർശിച്ചിരുന്നു. ഇത് നിർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗൗതം ഗംഭീർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെയും അവരുടെ വികാരങ്ങളെയും പരിഗണിക്കുന്നില്ലെന്ന് ഞങ്ങൾക്കറിയാം എന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംങ്‌വി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.