ന്യൂഡൽഹി: പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ കോൺഗ്രസ് ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടു. താൻ നേരത്തെ തന്നെ രാജി സമർപ്പിച്ചതാണെന്നും നിലവിൽ പാർട്ടി അദ്ധ്യക്ഷനല്ലെന്നും രാഹുൽ വ്യക്തമാക്കി. പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ ഇനിയും കാലതാമസം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിവയ്‌ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ തന്നെ അദ്ധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രവർത്തകർ സമരത്തിലാണ്. പകരക്കാരനെക്കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ ആരംഭിച്ചെങ്കിലും അതിലും താൻ ഭാഗമാകില്ലെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ പ്രവർത്തക സമിതി വിളിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
It is an honour for me to serve the Congress Party, whose values and ideals have served as the lifeblood of our beautiful nation.
— Rahul Gandhi (@RahulGandhi) July 3, 2019
I owe the country and my organisation a debt of tremendous gratitude and love.
Jai Hind 🇮🇳 pic.twitter.com/WWGYt5YG4V
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തമാവാത്ത കോൺഗ്രസ് ഇപ്പോൾ നാഥനില്ലാ കളരിയായിമാറിയിരിക്കുകയാണ്. 40 ദിവസമായിട്ടും അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാഹുൽഗാന്ധിയുടെ രാജി സ്വീകരിക്കാനോ പകരം ചുമതല ആർക്കെങ്കിലും കൊടുക്കാനോ കഴിയുന്നില്ല. പാർട്ടിയിൽ സ്ഫോടനാത്മകമായ രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചന. അത് വരുംദിവസങ്ങളിൽ പരസ്യ പ്രതിഷേധമായി രംഗത്ത് വന്നുകൂടായ്കയില്ലെന്ന് നേതാക്കൾ പറയുന്നു.
തുടർച്ചയായി രണ്ടാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി പ്രഖ്യാപനം നടത്തിയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോട് രാജി പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാരായ കമൽനാഥ് (മദ്ധ്യപ്രദേശ്), അശോക് ഗെഹ്‌ലോട്ട് (രാജസ്ഥാൻ), ക്യാപ്ടൻ അമരീന്ദർ സിംഗ് (പഞ്ചാബ്), ഭൂപേഷ് ബാഗൽ (ഛത്തിസ്ഗഡ്), വി.നാരായണ സ്വാമി (പുതുച്ചേരി) എന്നിവരാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ കണ്ട് രാജി പിൻവലിക്കണമെന്നാവശ്യപ്പെട്ടത്.
ഇവരിൽ കമൽനാഥും അശോക് ഗെഹ്‌ലോട്ടും അമരീന്ദർ സിംഗും തങ്ങൾ മുഖ്യമന്ത്രി പദം രാജിവയ്ക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതിലൊന്നും രാഹുൽ വഴങ്ങിയില്ല. അതേസമയം, രാഹുൽ രാജി പിൻവലിക്കാൻ ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്നാണ് കർണാടകത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി പറയുന്നത്. ഇതിനിടെ, രാഹുൽ രാജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തിയെങ്കിലും പൊതുജന മദ്ധ്യത്തിൽ ഇത് പാർട്ടിയെ കൂടുതൽ പരിഹാസ്യമാക്കുകയേ ഉള്ളൂ എന്നാണ് നേതാക്കൾതന്നെ വ്യക്തമാക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ മൂന്നാംദിവസമാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയോഗത്തിൽ വച്ച് രാഹുൽഗാന്ധി രാജി പ്രഖ്യാപനം നടത്തിയത്. ബി.ജെ.പി ഒറ്റയ്ക്ക് 303 സീറ്റ് കിട്ടിയപ്പോൾ കോൺഗ്രസിന് ആകെയുളള സീറ്റിന്റെ പത്ത് ശതമാനം പോലും തികയ്ക്കാനാവാതെ 52 സീറ്റ് മാത്രമാണ് കിട്ടിയത്. കഴിഞ്ഞ തവണ 44 സീറ്രായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. രാജിവയ്ക്കുക മാത്രമല്ല നരേന്ദ്രമോദിക്കെതിരായി റാഫേൽ വിവാദം താൻ ഉയർത്തിക്കൊണ്ടുവന്നപ്പോൾ കോൺഗ്രസ് നേതാക്കൾ അതേറ്രുപിടിച്ചില്ലെന്നും രാഹുൽ കുറ്രപ്പെടുത്തിയിരുന്നു.
പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണ്. അതുകൊണ്ടാണ് രാജിവയ്ക്കുന്നത്. ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പോയി കണ്ടപ്പോഴും താൻ രാജിയിൽ നിന്ന് പിന്മാറില്ല എന്നാണ് രാഹുൽ പറഞ്ഞത്. അതേസമയം, പല സംസ്ഥാനങ്ങളിലും നേതാക്കൾ പാർട്ടി വിട്ടുകൊണ്ടിരിക്കുന്നത് കോൺഗ്രസിനെ പിടിച്ചുലയ്ക്കുകയാണ്. കർണാടകത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും നേതാക്കൾ ബി.ജെ.പിയിൽ ചേർന്നുകൊണ്ടിരിക്കുകയോ ചേരാൻ തയ്യാറെടുപ്പ് നടത്തുകയോ ചെയ്യുന്നു. മഹാരാഷ്ട്രയിലെ യൂത്ത് കോൺഗ്രസ് വക്താവ് ആനന്ദ് ദുബെ രാഹുലിന്റെ രാജിയെ സ്വാഗതം ചെയ്തതും നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
കർണാടകയിൽ വല്ലാത്ത പ്രതിസന്ധിയാണ് പാർട്ടി നേരിടുന്നത്. രാഹുലല്ലെങ്കിൽ പകരം ആര് എന്ന ചോദ്യത്തിനും ഉത്തരം ഇതുവരെയില്ല. പകരക്കാരനായി എത്തുന്ന നേതാവിന് എല്ലാവരെയും ഒരുമിപ്പിച്ച് നിറുത്താൻ കഴിയുമോ എന്നതാണ് നേതാക്കളുടെ ആശങ്ക. രാഹുൽ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതോടെ കോൺഗ്രസിൽ പ്രതിസന്ധിയുടെ ആഴം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരുവിധത്തിൽ നാഥനില്ലാ കളരിപോലെയാണ് കോൺഗ്രസ് ഇപ്പോഴെന്നാണ് നേതാക്കൾതന്നെ രഹസ്യമായി സമ്മതിക്കുന്നത്. എന്നാൽ, ഇത് എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ ആർക്കുമൊരു തിട്ടവുമില്ല. ഈ വിധത്തിൽ മുന്നോട്ടുപോയാൽ പാർട്ടിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമോ എന്ന ആശങ്കയും നേതാക്കൾ പങ്കുവയ്ക്കുന്നു.