ശ്രീനിവാസ കിടാവിന്റെ കോലം കത്തിയെരിഞ്ഞ് താഴെവീണു. അവിടെ കിടന്നു പുകയായി...
ആ കറുത്തിരുണ്ട രൂപം ക്രൂരമായ ഒരു ആനന്ദത്തോടെ അത് നോക്കിനിന്നു.
ദിവസങ്ങൾക്കു മുൻപ് ബസ് സ്റ്റാന്റിൽ വച്ച് തന്നെ ആൾക്കാർ ആട്ടിയോടിച്ചത് ആ രൂപത്തിന്റെ മനസ്സിൽ തെളിഞ്ഞു..
അതോടെ ആ രൂപം പിന്നോട്ടു മാറി...
പിറ്റേന്നു രാവിലെ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ വാച്ചർ തങ്കപ്പൻ തങ്ങളങ്ങാടിക്കു പോയി.
സി.ഐ അലിയാരുടെ വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ലായിരുന്നു.
തങ്ങളങ്ങാടി അബ്ദുൾ ഹാജിയെ എല്ലാവർക്കും അറിയാമായിരുന്നു. അലിയാരുടെ ബാപ്പയെ...
ഗേറ്റു തുറന്ന് ചുറ്റും നോക്കിക്കൊണ്ട് തങ്കപ്പൻ മുറ്റത്തു കയറി. മുന്നിൽ ഇരു നിലയിൽ തീർത്ത ഒരു വലിയ കെട്ടിടം.
സിറ്റൗട്ടിൽ എഴുപതോട് അടുത്ത ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. കുലീനത്വം തുളുമ്പി നിൽക്കുന്ന രൂപം!
തങ്ങളങ്ങാടി അബ്ദുൾ ഹാജിയുടെ ബീവി. അലിയാരുടെ ഉമ്മ.
സുഫൈജാ അബ്ദുൾഹാജി.
മുറ്റത്തു കാൽപ്പെരുമാറ്റം കേട്ട് ശിരസ്സിലെ തട്ടം നേരെയാക്കി ആ സ്ത്രീ മുഖമുയർത്തി.
''മ്? " ഒരു മൂളലിലൂടെ തങ്കപ്പനോടുള്ള ചോദ്യം.
''ഞാൻ നിലമ്പൂരിൽ നിന്നു വരികയാ... ഒരത്യാവശ്യ കാര്യം പറയാൻ."
''ങ്ങള് കേറീരിക്ക്.."
സുഫൈജ കസേരയ്ക്കു നേരെ കൈചൂണ്ടി.
പരുങ്ങലോടെയാണെങ്കിലും തങ്കപ്പൻ കയറിയിരുന്നു.
''മോളേ.. മുംതാസേ..."
അകത്തേക്കു നോക്കി സുഫൈജ വിളിച്ചു.
''ന്താ ഉമ്മാ?"
വാതിൽക്കൽ ഒരു മുഖം മിന്നി. നിലാവുപോലെയുള്ള ഒരു സുന്ദരി.
''ഇയാൾക്ക് കുടിക്കാൻ കൊട്.."
''ശരിയുമ്മാ."
ആ മുഖം അകത്തു പാഞ്ഞു
''ഇനി ങ്ങള് കാര്യം പറേൻ." സുഫൈജ നിവർന്നിരുന്നു.
തങ്കപ്പൻ, സി.ഐ അലിയാരെക്കുറിച്ചുള്ള എല്ലാ കാര്യവും പറഞ്ഞുകേൾപ്പിച്ചു. വിശദമായിത്തന്നെ...
''ന്റെ റബ്ബേ..."
സുഫൈജ അബ്ദുൾഹാജി നെഞ്ചിൽ കൈവച്ചു.
പഴച്ചാറുമായി വാതിൽക്കൽ എത്തിയ മുംതാസും ഒരു നിമിഷം നിശ്ചലമായി.
''അലിയാരുടെ പെണ്ണാ." സുഫൈജ പറഞ്ഞു.
വിറയ്ക്കുന്ന കൈകൾ കൊണ്ടാണ് മുംതാസ്, തങ്കപ്പനു പഴച്ചാർ നിറച്ച ഗ്ളാസ് കൊടുത്തത്.
''നിങ്ങളെ പടച്ചോൻ കാക്കും തങ്കപ്പാ. അത്ര നല്ല ഒരു കാര്യമാ നിങ്ങള് ചെയ്തത്. "
സുഫൈജ പറഞ്ഞു.
''ഉമ്മാ... " മുംതാസിനു തിടുക്കമായി. ''പോകണ്ടേ നമുക്ക്..."
''പോണം. പക്ഷേ... തങ്കപ്പൻ പറഞ്ഞതനുസരിച്ച് നല്ല കരുതൽ വേണം. ശത്രുക്കൾ ഓന്റെ പിന്നാലെയൊണ്ടല്ലോ... നീ ആ ഫോണിങ്ങ് കൊണ്ടുവാ...."
മുംതാസ് വേഗം പോയി സെൽഫോൺ എടുത്തുകൊണ്ടുവന്നു.
''ഇനി എസ്.പി ഷാജഹാന്റെ നമ്പർ കുത്തീട്ട് ഇങ്ങ് താ."
മുംതാസ് അപ്രകാരം ചെയ്തു.
അപ്പുറത്ത് ബൽ മുഴങ്ങുന്നത് സുഫൈജ കേട്ടു.
അടുത്ത നിമിഷം കാൾ എടുക്കപ്പെട്ടു.
''ഉമ്മാ... ഞാൻ ഇപ്പോഴും അലിയാരെ അന്വേഷിക്കുന്നുണ്ട്."
ഷാജഹാൻ ആദ്യം പറഞ്ഞത് അതാണ്.
''നിന്റെ തെരച്ചിലൊക്കെ നിർത്തിക്കോ. ഓനെക്കുറിച്ചുള്ള വിവരം കിട്ടി. പക്ഷേ നിന്റെ സപ്പോർട്ട് അത്യാവശ്യമാ..."
സുഫൈജ അബ്ദുൾ ഹാജി ചുരുങ്ങിയ വാക്കുകളിൽ കാര്യം പറഞ്ഞു.
''എങ്കിൽ... " ഷാജഹാന്റെ ഉറച്ച ശബ്ദം. ''ഇന്ന് സന്ധ്യയ്ക്കു മുമ്പേ ഞാനങ്ങെത്തും. അവനെ കൊണ്ടുവരാൻ ഞാനും വരുന്നുണ്ട്. പിന്നെ നമ്മുടെ കുറെ പിള്ളേരേം വണ്ടികളും തയ്യാറാക്കിക്കോ... ഇനി ഒരുത്തനും അലിയാർക്കു നേരെ വരില്ല."
''ശരി."
സുഫൈജ ഫോൺ മുംതാസിനു നീട്ടി. അവൾ അത് വാങ്ങി കാൾ മുറിച്ചു.
''അപ്പോൾ..." സുഫൈജ, തങ്കപ്പന്റെ നേരെ തിരിഞ്ഞു. ''നീ ചെയ്ത ഉപകാരം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. നിനക്ക് എന്തുവേണം. മടിക്കാതെ ചോദിച്ചോളു. നിനക്ക് ഞാൻ പ്രതിഫലം തരുകയാണെന്ന് കരുതാതിരുന്നാൽ മതി."
തങ്കപ്പൻ പുഞ്ചിരിച്ചു.
''എനിക്കൊന്നും വേണ്ട ഉമ്മാ അതിനല്ല ഞാൻ അലിയാര് സാറിനെ രക്ഷിച്ചത്.. സാറിനെപ്പോലെയുള്ളവർ പോലീസിൽ ഉണ്ടാവണം എന്ന ആഗ്രഹം കൊണ്ടാ... അല്ലെങ്കിൽ ഈ നാട്ടിലെ പാവങ്ങൾക്ക് ഒരിക്കലും നീതി കിട്ടത്തില്ല..."
തങ്കപ്പൻ എഴുന്നേറ്റു.
''എന്നാൽ ഞാനങ്ങോട്ട്."
''ഉം."
നന്ദി നിറഞ്ഞ മുഖത്തോടെ സുഫൈജയും മുംതാസും തങ്കപ്പനെ യാത്രയാക്കി.
സന്ധ്യ....
രണ്ട് ഇന്നോവ കാറുകളും പോലീസിന്റെ ഒരു എക്സ്.യൂവിയും വാഴക്കൂട്ടം അപ്പുണ്ണി വൈദ്യരുടെ തറവാട്ടു മുറ്റത്ത് ബ്രേക്കിട്ടു.
അവയിൽ നിന്ന് എസ്.പി ഷാജഹാനും കുറച്ചു യുവാക്കളും ഇറങ്ങി..
ആ വിവരം അപ്പോൾത്തന്നെ അവിടം നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു പോലീസുകാരൻ സി.ഐ ഋഷികേശിനെ വിളിച്ചറിയിച്ചു....
(തുടരും)