ഹൈദരാബാദ്: ഇന്ത്യൻ താരം അമ്പാട്ടി റായിഡു അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ നിന്നും വിരമിച്ചു. താരം ഇനി ഐ.പി.എൽ മത്സരങ്ങളിൽ തുടർന്നു കളിക്കും. ലോകകപ്പിന്റെ 15 അംഗ ടീമിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടിക പുറത്തുവന്നതോടെ റായിഡുവിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. നാലാം നമ്പർ സ്ഥാനത്തേക്ക് അവകാശവാദവുമായി റായിഡു നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.
കൂടാതെ പരിക്കേറ്റ് ശിഖർ ധവാനും, വിജയ് ശങ്കറും പുറത്തായതോടെയും റായിഡുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇത്ര പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ട്. ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതോടെ ഋഷഭ് പന്തിനാണ് നറുക്ക് വീണത്. പിന്നാലെ വിജയ് ശങ്കറും പരിക്കേറ്റ് പുറത്തുപോയപ്പോൾ അമ്പാട്ടി റായിഡുവിന് സാദ്ധ്യത കൽപ്പിച്ചിരുന്നത്. എന്നാൽ മായങ്ക് അഗർവാളിനെയാണ് സെലക്ടർമാർ പരിഗണിച്ചത്.
ഇന്ത്യയ്‌ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറു ട്വന്റി20 മത്സരങ്ങളും റായിഡു കളിച്ചിട്ടുണ്ട്. 55 ഏകദിനങ്ങളിൽ നിന്ന് 47.05 ശരാശരിയിൽ 1694 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. ആറു ട്വന്റി20യിൽ നിന്ന് 42 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം, ഇതുവരെ ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കാൻ റായിഡുവിന് അവസരം ലഭിച്ചിട്ടില്ല.
ഇതിനിടെ അടുത്ത ലോകകപ്പിൽ അമ്പാട്ടി റായിഡുവിന് നല്ല ഓഫറുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് ടീം രംഗത്തെത്തി. ഐസ്‌ലാൻഡ് പൗരത്വം വാഗ്‌ദ്ധാനം ചെയ്‌ത ക്രിക്കറ്റ് മാനേജ്‌മെന്റ് അമ്പാട്ടി റായിഡുവിനെ ദേശീയ ടീമിൽ എടുക്കാമെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിനായി തന്റെ രേഖകൾ സമർപ്പിക്കാനും മാനേജ്‌മെന്റ് താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.